റാന്നി : റാന്നി -മന്ദിരംപടിയിലെ റേഷന്‍ കടയുടെ ഗോഡൗണില്‍ പുഴുവരിച്ച അരി കണ്ടെത്തിയ സംഭവത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാത്രിയില്‍ സമൂഹമാധ്യമങ്ങളിലൂടെ നാട്ടുകാര്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്.
റാന്നി പഞ്ചായത്ത് നാലാം വാര്‍ഡിലെ മന്ദിരംപടി 28ാം നമ്പര്‍ റേഷന്‍ കടയുടെ ഗോഡൗണിലാണ് അരിച്ചാക്കുകള്‍ പുഴുകയറി നശിച്ച നിലയില്‍ കണ്ടെത്തിയത്. ഗോഡൗണില്‍ അടുക്കിവെച്ചിരിക്കുന്ന ഇരുപത്തഞ്ചോളം ചാക്കുകളിലെ അരി മുഴുവനും പഴകി ഉപയോഗശൂന്യമായ നിലയിലായിരുന്നു. വര്‍ഷങ്ങളായി ഈ ഗോഡൗണിനോട് ചേര്‍ന്നാണ് റേഷന്‍ കടയും പ്രവര്‍ത്തിച്ചിരുന്നത്. അടുത്ത സമയത്ത് സമീപ കെട്ടിടത്തിലേക്ക് റേഷന്‍കട മാറ്റി സ്ഥാപിച്ചു. എന്നാല്‍ ഗോഡൗണ്‍ പഴയ സ്ഥലത്തുതന്നെ ആയിരുന്നു. റേഷന്‍കട ലൈസന്‍സി പൂഴ്ത്തിവെച്ച അരിയാണിതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ ഉപയോഗശൂന്യമായ ഈ അരി വിതരണത്തിന് പറ്റാത്തതിനാല്‍ മാറ്റി വെച്ചിരുന്നതാണെന്നും വിവരം ജില്ലാ കളക്ടറേയും മറ്റും അറിയിച്ചിരുന്നതായും താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.ഗണേഷ് പറഞ്ഞു.
അരി ലേലം ചെയ്തു വില്‍ക്കാന്‍ കളക്ടര്‍ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കരാര്‍ എടുക്കാന്‍ ആരും എത്തിയിരുന്നില്ല. വീണ്ടും ലേലം നടത്താനിരിക്കെയാണ് ഇപ്പോള്‍ പരാതിയുണ്ടായത്. മറ്റൊരു മുറിയിലേക്ക് അരി നീക്കാന്‍ ലൈസന്‍സിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ മുമ്പും ക്രമക്കേടുകള്‍ കണ്ടെത്തിയതിന് നടപടി നേരിട്ടയാളാണ് റേഷന്‍ കടയുടമയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.