റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ 816 കോടിരൂപയുടെ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നിയിലെ വിവിധ പൊതുമരാമത്ത് പദ്ധതികൾ വിലയിരുത്താൻ പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് വിളിച്ചുചേർത്ത യോഗത്തിൽ സംസാരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ബജറ്റ് റീബിൽഡ് കേരള , കിഫ്ബി എന്നീ പദ്ധതികൾ വഴി റാന്നിയിൽ നടന്നു വരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും. പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള കോടി രൂപയുടെ പദ്ധതികൾക്ക് ഭരണ സാമ്പത്തിക അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ഉടൻ ആരംഭിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്ന് ഉയർന്നിട്ടുള്ള പ്രശ്നങ്ങളും നിർദ്ദേശങ്ങളും എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇവ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ അഡ്വ പ്രമോദ് നാരായണൻ എംഎൽഎ, കൂടാതെ കെ യു ജനീഷ് കുമാർ എം എൽ എ, മുൻ എംഎൽഎ രാജു എബ്രഹാം, സിപിഐഎം ഏരിയാ സെക്രട്ടറി പി ആർ പ്രസാദ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആലിച്ചൻ ആറൊന്നിൽ , ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീലത എന്നിവർ പങ്കെടുത്തു.