റാന്നി : മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ. പത്താം ക്ലാസ് ജയിച്ചവർക്കാണ് തുടർ പഠനത്തിന് അവസരം ഒരുക്കിയത്. മഞ്ഞതോട്ടിൽ ശബരിമല വനമേഖലയ്ക്കുള്ളിൽ താമസിക്കുന്ന മൂന്ന് കുട്ടികളാണ് ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചത്. കൃത്യസമയത്ത് അപേക്ഷ സമർപ്പിക്കാൻ കഴിയാതെ പോയ ഇവർക്ക് എംഎൽഎ ഇടപെട്ടാണ് അഡ്മിഷൻ ഉറപ്പാക്കിയത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ 3 കുട്ടികൾക്ക് തുടർ പഠനത്തിന് വടശ്ശേരിക്കര മോഡൽ സ്കൂൾ പ്രിൻസിപ്പാളുമായി ബന്ധപ്പെട്ട് ഇവർക്ക് പഠനത്തിനും താമസത്തിനും ഉള്ള സൗകര്യം ഒരുക്കി നൽകി.
എംഎൽഎയുടെ നിർദ്ദേശപ്രകാരം ടിഡിയോയുടെ നേതൃത്വത്തിൽ ട്രൈബൽ വകുപ്പ് കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകി. എല്ലാ കുട്ടികളും സ്കൂളിൽ പോകുന്നത് ഉറപ്പാക്കാൻ രക്ഷിതാക്കൾക്കും ഊരു മൂപ്പനും ട്രൈബൽ അധികൃതർക്കും നിർദ്ദേശം നൽകി. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് മെഡിക്കൽ സംഘത്തിൻറെ പരിശോധന ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചു. മഞ്ഞ തോട്ടിലെ കുട്ടികൾക്കായി ഒരു അംഗൻവാടി ആരംഭിക്കണമെന്ന ആവശ്യം പെരുന്നാള് പഞ്ചായത്ത് നേരത്തെ ഉന്നയിച്ചിരുന്നു.