റാന്നി : മൂന്നാമത് റാന്നി എം.എസ്.സെന്റിനറി കപ്പ് മൂന്നാമത് അഖില കേരള ഇന്റർ ഫുട്‌ബോൾ ടൂർണമെന്റിൽ മലപ്പുറം എം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂൾ ടീം ജേതാക്കളായി. ഫൈനലിൽ തിരുവനന്തപുരം വെള്ളയാണി എസ്.എ.എം.ജി.എം.ആർ.എസ്.എസ്.ടീമിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം ട്രോഫി നേടിയത്. ഏഴ് ജില്ലകളിൽ നിന്നായി 12 ടീമുകളാണ് മത്സരിച്ചത്. ജേതാക്കൾക്ക് 25,001 രൂപയും എവറോളിങ് ട്രോഫിയും റണ്ണർ അപ്പിന് 10,001 രൂപയും എവറോളിങ് ട്രോഫിയും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്കോററായും സി.സൂര്യദേവ് (എസ്.എ.എം.ജി.എം. ആർ.എസ്.എസ്.,വെള്ളയാണി), മികച്ച ഗോൾകീപ്പറായി പി.അഭിനവ്, മികച്ച ഡിഫൻഡറായി അഗസ്റ്റിൻ പി.ജോസഫ്, മികച്ച മിഡ്ഫീൽഡറായി മുഹമ്മദ് റ്റി.നിയാദ് (മൂന്നുപേരും മലപ്പുറം എം.എസ്.പി.), മികച്ച ഫോർവേഡായി കെ.ഗോകുൽ രാജ്, മികച്ച പരിശീലകനായി ടോജി ജോസഫ് (എല്ലാവരും മലപ്പുറം എം.എസ്.പി.), മികച്ച ടീം മാനേജരായി ജൂഡ് ആന്റണി (തിരുവനന്തപുരം സ്.എ.എം.ജി.എം.ആർ.എസ്.എസ്.) എന്നിവരെ തിരഞ്ഞെടുത്തു.
വനിതാ ഫുട്‌ബോൾ മത്സരത്തിൽ ആലപ്പുഴ ഗോൾഡൻ ബൂട്ട് ഫുട്‌ബോൾ അക്കാദമി വിജയിച്ചു. കൊല്ലം ലീഡ്‌സ് ഫുട്‌ബോൾ അക്കാദമിയെ ആണ് പരാജയപ്പെടുത്തിയത്. വനിതാ മത്സരത്തിലെ മികച്ച താരമായി അൻവിതാ സജിയെ(ആലപ്പുഴ ഗോൾഡൻ ബൂട്ട് ഫുട്‌ബോൾ അക്കാദമി) തിരഞ്ഞെടുത്തു. സമ്മാനദാനം റാന്നി സർക്കിൾ ഇൻസ്‌പെക്ടർ ജിബു ജോൺ നിർവഹിച്ചു. സമ്മേളനം ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ സമതിയംഗം ഡോ. റെജിനോൾഡ് വർഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ.സി.ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ടീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയ് കെ.എബ്രഹാം എന്നിവർ പ്രസംഗിച്ചു. ടൂർണമെന്റിനോടനുബന്ധിച്ച് പുറത്തിറക്കിയ ‘കിക്കോഫ് 2025’ സുവനീറിന്റെ പ്രകാശന കർമവും നടന്നു.