മല്ലപ്പള്ളി : യുവതിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും വിവിധ സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി മണിമല മുക്കട വടക്കേച്ചരുവിൽ അജിത്ത് മോഹനൻ (20) ആണ് പിടിയിലായത്. 2023 ജൂലൈ 14 നും ഡിസംബർ 21 നുമാണ് സംഭവം നടന്നത്. ഈ ദിവസങ്ങളിൽ 20 കാരിയായ സുഹൃത്തിനെ ബൈക്കിൽ കയറ്റി റാന്നി സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിന്റെ പിന്നിൽ എത്തിച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
പിന്നീട് സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളിൽ വിളിച്ച് നഗ്നതകാട്ടാൻ പ്രേരിപ്പിക്കുകയും തുടർന്ന് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ വിവിധ സൈറ്റുകളിൽ അവ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞദിവസം യുവതി സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.