റാന്നി : തെരുവുനായയുടെ കടിയേറ്റ് അഭിരാമി മരിച്ചിട്ട് മൂന്നുവർഷമായെങ്കിലും നഷ്ടപരിഹാരമായി ലഭിച്ചത് മൂന്നുലക്ഷം രൂപമാത്രം. നഷ്ടപരിഹാരത്തുക ഗ്രാമപ്പഞ്ചായത്തിന്റെമാത്രം ബാധ്യതയാക്കരുതെന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെയും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ളവയെയും ഇതിൽ കക്ഷികളാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെയും രജനിയുടെയും മകൾ അഭിരാമിക്ക് (12) തെരുവുനായയുടെ കടിയേറ്റത്. ചികിത്സയിലിരിേക്ക സെപ്റ്റംബർ അഞ്ചിന് മരിച്ചു.
അമ്മയുടെ പരാതിയിലാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി 2024 ഓഗസ്റ്റിൽ കുടുംബത്തിന് പഞ്ചായത്ത് 14.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. പരാതി നൽകിയദിവസംമുതൽ അനുവദിച്ച തുകയുടെ ഒൻപതുശതമാനം പലിശ നൽകാനും ഉത്തരവായിരുന്നു. പഞ്ചായത്തിന്റെ പേരിലുണ്ടായ വ്യത്യാസംകാരണം നടപടികൾ ഏറെനാൾ അനിശ്ചിതത്വത്തിലായി. തുടർന്ന് അഭിരാമിയുടെ മാതാപിതാക്കൾ പലയിടത്തും പരാതി നൽകി. മാർച്ചിലാണ് ഉത്തരവ് പഞ്ചായത്തിന് ലഭിച്ചതെന്ന് സെക്രട്ടറി പറഞ്ഞു. ഏപ്രിലിൽ ചേർന്ന പഞ്ചായത്ത് ഭരണസമിതി ആദ്യഘട്ടമായി മൂന്നുലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. കുടുംബത്തിന് ധനസഹായം നൽകണമെന്നത് സമിതി പൂർണമായി അംഗീകരിച്ചു. എന്നാൽ പഞ്ചായത്തിന് ഇത്രയും വലിയതുക നൽകാൻ സാമ്പത്തികബുദ്ധിമുട്ടുള്ളതിനാൽ കോടതിയെ സമീപിക്കാനും ഭരണസമിതി തീരുമാനിക്കുകയായിരുന്നെന്ന് പ്രസിഡന്റ് പി.എസ്. മോഹനൻ പറഞ്ഞു.