റാന്നി : റാന്നി ഗ്രാമ പഞ്ചായത്തിൽ ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ സിപിഐ എം വനിതാ അംഗത്തെ ഉപയോഗിച്ച് കേസിൽ പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് മഹിളാ മോർച്ച റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സിപിഐ എം വനിതാ അംഗത്തെ ഉപയോഗിച്ച് കൈയേറ്റം ചെയ്യാൻ ശ്രമിക്കയും പ്രകോപിതനാക്കി വീഡിയോ എടുത്ത് ക്രിമിനൽ കേസിൽ പെടുത്താൻ ശ്രമിക്കുന്നുവെന്നും മഹിളാ മോർച്ച ആരോപിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗീതാ സുരേഷ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച്ചയും കഴിവുകേടും മറയ്ക്കാനും തന്റെ തന്നെ പാർട്ടിയിലെ മുൻ ഭരണ സമിതികളിലെ ജലനിധി അഴിമതിയും നിർമ്മാണ പ്രവർത്തനങ്ങളിലെ കോടികളുടെ അഴിമതിയും ചോദ്യം ചെയ്യപ്പെട്ടതിലുമുള്ള വെരാഗ്യവും ആയിരുന്നു ഗൂഡാലോചനയ്ക്കുള്ള പ്രകോപനമെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. പ്രതിഷേധ പരിപാടി മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ ശ്രീമതി മീന എം നായർ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജി, ബിജെപി ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അനോജ് കുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മന്ദിരം വിനോദ് കുമാർ, മണ്ഡലം പ്രസിഡന്റ് സന്തോഷ് എടത്തറ, പഞ്ചായത്ത് അംഗം മന്ദിരം രവീന്ദ്രൻ, ബിജെപി റാന്നി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.