റാന്നി: പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ സംയുക്ത മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് റാന്നിയില്‍ പൂര്‍ണ്ണം. സമരം ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു. റാന്നിയുടെ എല്ലാ പ്രദേശങ്ങളും ഏറെക്കുറെ വിജനമായിരുന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഓട്ടോ-ടാക്സികളും ഓടിയില്ല. വലിയ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു.
ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ചിലതു മാത്രമാണ് തുറന്നത്. തുറന്ന സ്ഥാപനങ്ങളില്‍ കച്ചവടം കുറവായിരുന്നു. ഇരുചക്രവാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങിയെങ്കിലും തിരക്കു കുറവായിരുന്നു. ഇന്ധന വില വര്‍ദ്ധനവിനെതിരെ നടന്ന സമരം ശരിക്കും ജനങ്ങള്‍ ഏറ്റെടുത്തതു പോലെയായിരുന്നു. ജനങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നതിനാല്‍ തുറന്ന സ്ഥാപനങ്ങളില്‍ തിരക്ക് കുറവായിരുന്നു. ഹോട്ടലുകള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ബാങ്കുകള്‍ തുറന്നിരുന്നെങ്കിലും പ്രവര്‍ത്തനത്തെ സമരം ബാധിച്ചു. പെട്രോള്‍ പമ്പുകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ റാന്നിയില്‍ പ്രകടനം നടത്തി.