പത്തനംതിട്ട : റാന്നി പെരുനാട് ബിവറേജ് ഔട്ട് ലെറ്റില്‍ ബിയറിന് എം.ആര്‍.പി വിലയെക്കാൾ കൂടിയ വില ഈടാക്കിയതിനെതിരെ പത്തനംതിട്ട കൺസ്യൂമർ തർക്കപരിഹാര കമ്മീഷനിൽ പരാതി. മാമ്പാറ വാലുപുരയിടത്തിൽ എ.റ്റി. ആകാശ് ആണ് ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ 9 ന് പെരുനാട് ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ 650 മില്ലി ലിറ്ററിന്റെ ഒരു കുപ്പി ബിയറിലാണ് വില തര്‍ക്കം വന്നത്. ബിയറിന്റെ വില എം.ആര്‍.പിയായി കുപ്പിയിൽ രേഖപ്പെടുത്തിയിരുന്നത് 170 രൂപയും ബില്‍ കിട്ടിയപ്പോള്‍ കൊടുക്കേണ്ടി വന്നത് 180 രൂപയുമാണ്. എന്നാൽ ബോട്ടിലിലുള്ള വിലയേക്കാൾ 10 രൂപാ കൂടുതൽ രേഖപ്പെടുത്തിയ 180 രൂപായുടെ ബിൽ നൽകിയതിനെ ചോദ്യം ചെയ്‌തപ്പോൾ ജീവനക്കാര്‍ അസഭ്യവാക്കുകൾ പറയുകയും ഇവിടെ ഇങ്ങനെയാണ് വേണമെങ്കിൽ വാങ്ങിച്ചാൽ മതിയെന്നു പറഞ്ഞ് അപമാനിക്കുകയും ചെയ്‌തു.
എം.ആര്‍.പി വിലയാൾ ഒരു രൂപാ പോലും കൂടുതൽ വാങ്ങാൻ നിയമമില്ലാതിരിക്കുകയും അതു ചോദ്യം ചെയ്‌തപ്പോൾ അപമാനിക്കുകയും പെയ്തു എന്നാണ് ആകാശ് പറയുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ കൂടുതൽ തെളിവുകൾ എടുക്കുന്നതിനും ഹർജികക്ഷിയേയും എതിർകക്ഷികളേയും വിസ്‌തരിക്കുന്നതിനും എതിർകക്ഷികൾ കമ്മീഷനിൽ ഹാജരാകാൻ ഉത്തരവിടുകയുണ്ടായി. വാങ്ങിയ അമിത വില തിരികെ ലഭിക്കണമെന്നും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചിലവും കിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.