പത്തനംതിട്ട : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം മടത്തുംമൂഴി ഇടത്താവളത്തില്‍ ചേര്‍ന്നു. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനും കോവിഡ് ഒന്നാംതല ചികിത്സ കേന്ദ്രം, ഗൃഹവാസ പരിചരണ കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഗ്രാമപഞ്ചായത്തുകളുടേയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും സി.എഫ്.എല്‍.ടി.സി, ഡി.സി.സി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടേയും ജനപ്രതിനിധികളുടെയും സാമ്പത്തിക സഹായം അടക്കമുള്ള എല്ലാ സഹകരണവും ഉണ്ടാകണമെന്ന് പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ ആവശ്യപ്പെട്ടു. റാന്നി പെരുനാട് സി.എഫ്.എല്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികള്‍ക്കുള്ള താമസം, ഭക്ഷണം, ചികിത്സ എന്നിവ ലഭ്യമാക്കുന്നതിനും നടത്തിപ്പിനുമായി എല്ലാ വിഭാഗം ജനങ്ങളുടേയും കലവറയില്ലാത്ത പിന്തുണ ഉണ്ടാകണമെന്ന് റാന്നി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അഭ്യര്‍ത്ഥിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കാര്‍മേല്‍ സി.എഫ്.എല്‍.ടി.സി യില്‍ ഇതിനോടകം നാലായിരത്തോളം പേരെ ചികിത്സിച്ചിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും രോഗികളെ പരിചരിക്കുന്നതിനും കോവിഡ് നിരീക്ഷണത്തിലുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനും രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനായി സാമ്പത്തിക സമാഹരണം നടത്തും. ഒരു ദിവസം കൊണ്ട് ഒരു കോടി രൂപ സമാഹരിക്കുന്നതിനാണു ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുന്നതിനും തീരുമാനിച്ചു.
ഉദാരമതികളായവരുടെ സംഭാവന സ്വീകരിക്കുന്നതിന് പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കും. കോവിഡ് കരുതല്‍ സഹായനിധിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി കോവിഡ് -19 കരുതല്‍ സഹായ നിധി എന്ന പേരില്‍ പഞ്ചയത്തുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. രക്ഷാധികാരിയായി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എയേയും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപിയേയും ചെയര്‍മാനായി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനയേയും ജനറല്‍ കണ്‍വീനറായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും കണ്‍വീനര്‍മാരായി സീതത്തോട്, നാറാണംമൂഴി, റാന്നി പ്രസിഡന്റുമായും ജോയിന്റ് കണ്‍വീനര്‍മാരായി റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, വെച്ചൂച്ചിറ, ചിറ്റാര്‍, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരേയും അംഗങ്ങളായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
കോവിഡ് കരുതല്‍ സഹായ നിധി പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ, അയല്‍സഭകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ ജനപ്രതിനിധികള്‍ എന്നിവര്‍ അണിനിരക്കും. ഡി ശ്രീകല, കോമളം അനിരുദ്ധന്‍, ബീന, ജോബി, ജോബി ടി ഈശോ, ശോഭാ ചാര്‍ളി, സി.എസ് സുകുമാരന്‍, മോഹിനി വിജയന്‍, രാജം ടീച്ചര്‍, ടി.ആര്‍ ജനി, സതീഷ് ചന്ദ്രന്‍, റംല ബീവി, വി.എല്‍ വിനീത് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു