റാന്നി: 2018ല്‍ റാന്നിയെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമെന്നും വിജയിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ ശിഷാ നടപടിയുണ്ടാവാന്‍ വേണ്ട ശ്രമം നടത്തുമെന്നും റാന്നി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ പറഞ്ഞു.
ഡാം മാനേജുമെന്റില്‍ വന്ന വീഴ്ചയാണ് പ്രളയം ഉണ്ടാക്കിയത്. വിവിധ ഏജന്‍സികള്‍ അതു കണ്ടെത്തുകയും ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി അതു ശരി വെക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തുകയാണുണ്ടായത്. ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാണ്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് ഇതു വരെ ഒരു സഹായവും കിട്ടിയിട്ടില്ല. നട്ടെല്ലൊടിഞ്ഞ വ്യാപാരികള്‍ക്ക് വന്ന വലിയൊരു തിരിച്ചടിയാണ് കോവിഡ്. പലരും ആത്മഹത്യയുടെ വക്കിലാണ്. ഇവരെ സംരക്ഷിക്കാന്‍ വേണ്ടുന്ന ക്രമീകരണങ്ങള്‍ ചെയ്യും.
റാന്നിയില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ല. പ്രഫഷണല്‍ കോളേജുകള്‍, ശബരിമലയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് എന്നിവ നടപ്പാക്കുവാന്‍ ശ്രമിക്കും. തന്റെ പിതാവ് എം.എല്‍.എ ആയിരിക്കെയാണ് ശബരിമലയ്ക്ക് ഫണ്ടനുവദിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി സ്ഥാനാര്‍ഥി പറഞ്ഞു.