റാന്നി : യു.ഡി.എഫില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ റാന്നിയില്‍ എതിര്‍പ്പുമായി നിരവധിപ്പേര്‍ രംഗത്ത്. സീറ്റു മോഹവുമായി കഴിഞ്ഞവരാണ് ഇപ്പോള്‍ രഹസ്യമായും പരസ്യമായും പടയൊരുക്കവുമായി രംഗത്തു വന്നിരിക്കുന്നത്.
എതിര്‍പ്പുമായി സമൂഹ മാധ്യമങ്ങളിലും വിഴുപ്പലക്കല്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. റാന്നി സീറ്റിനായി നിരവധിപ്പേരായിരുന്നു രംഗത്ത്. ഞാണിന്‍മേല്‍ കളിയില്‍ റിങ്കു ചെറിയാന്‍ ജേതാവായിരിക്കുകയാണ്. ഇനി പാര വരുന്നത് ഏതു വഴിയാണെന്നു മാത്രമാണ് നോട്ടം. കഴിഞ്ഞദിവസം റാന്നിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതു ഗ്രൂപ്പു കളിയുടെ ഭാഗമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. എല്‍.ഡി.എഫില്‍ രാജു എബ്രഹാം മത്സര രംഗത്തു നിന്നു മാറിയതാണ് നേതാക്കള്‍ക്ക് റാന്നി സീറ്റിനോട് പ്രിയം കൂടിയത്. സാധ്യതാ ലിസ്റ്റില്‍ സി ഗ്രേഡിലാണ് റാന്നി മണ്ഡലം. രാജു എബ്രഹാം മാറുകയും പ്രമോദ് നാരായണന്‍ വരികയും ചെയ്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് റാന്നി സീറ്റ് എ ഗ്രേഡിലായി. അതോടെ സീറ്റു മോഹികളുടെ എണ്ണം കൂടി. സീറ്റു കിട്ടാത്തവര്‍ റിബല്‍ ശല്യവുമായി രംഗത്തു വരാനും സാധ്യതയേറെയാണ്.
സീറ്റു ലഭിക്കാന്‍ സാധ്യതയുള്ളവരെ മുമ്പ് ഇന്‍റര്‍വ്യു ചെയ്തിരുന്നു. ഇന്‍റര്‍വ്യുവില്‍ വിജയിച്ചവര്‍ സീറ്റു പ്രതീക്ഷയിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശാന്ത് മോളിക്കല്‍, പഴവങ്ങാടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് അനിതാ അനില്‍ കുമാര്‍, ജയവര്‍മ്മ, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ടി.കെ സാജു, തുടങ്ങി നിരവധിപ്പേരാണ് സീറ്റു പ്രതീക്ഷയില്‍ കഴിഞ്ഞിരുന്നത്. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജും, മുന്‍ ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുരും സാധ്യതാ ലിസ്റ്റിലുള്ളവരായിരുന്നു.
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ഥിയായി രംഗത്തു വന്ന ബെന്നി പുത്തന്‍പറമ്പില്‍ മുന്‍ സേവാദള്‍ സംസ്ഥാന നേതാവും ബ്ലോക്കു പഞ്ചായത്തു പ്രസിഡന്‍റുമായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം വലിയ പങ്കു വഹിച്ചിരുന്നു. മണ്ഡലത്തിലുടനീളം വലിയ ബന്ധമുള്ള ഇദ്ദേഹം പിടിക്കുന്ന വോട്ട് റിങ്കു ചെറിയാന്റെ സാധ്യതയെ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്.
പ്രശാന്ത് മോളിക്കല്‍ സ്ഥാനങ്ങള്‍ രാജിവെച്ച് റിബല്‍ സ്ഥാനാര്‍ഥിയാകുവാന്‍ തയ്യാറെടുക്കുകയാണ്. ഇതിന് പാര്‍ട്ടിയിലെ പലരുടേയും കൂടാതെ മറ്റൊരു സംഘടനയുടേയും ശക്തമായ പിന്തുണയുണ്ട്. റിങ്കു ചെറിയാനെതിരെ കെ.പി.സി.സിക്കു പരാതി നല്‍കിയവരും അവരുടെതായ ശ്രമം നടത്തുമെന്നുറപ്പാണ്. സീറ്റു ലഭിക്കാത്തവര്‍ ഏതു തരത്തിലാണ് പ്രതിഷേധിക്കുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് പലരും.