റാന്നി: റാന്നി ടൗണില്‍ രാവിലെ ആരംഭിച്ച ഗതാഗത കുരുക്ക് രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ ഇട്ടിയപ്പാറ ടൗണിലാരംഭിച്ച കുരുക്കില്‍ ചെത്തോങ്കര മുതല്‍ ബ്ലോക്കുപടി വരെ വാഹന നിര നീണ്ടു. പോലീസ് എത്തി കിണഞ്ഞുശ്രമിച്ചിട്ടും കുരുക്ക് തുടരുകയാണ്.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പ്ലാച്ചേരി – കോന്നി റീച്ചിൽ ഉൾപ്പെട്ട റാന്നി ടൗണിൽ റോഡുപണി ആരംഭിച്ചതാണ് ഗതാഗത കുരുക്ക് രൂക്ഷമാകുവാന്‍ കാരണം. ഇട്ടിയപ്പാറ, മാമുക്ക്, വലിയപാലത്തിന് സമീപം തുടങ്ങിയിടങ്ങളിലെ കലുങ്ക് നിര്‍മ്മാണമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. കലുങ്ക് ആവശ്യമുള്ള ഭാഗത്ത് റോഡിന്റെ മധ്യഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിക്കാൻ വേണ്ടിയുള്ള ജോലികളാണ് നടക്കുന്നത്.
റാന്നി വലിയ പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാലത്തിന്റെ പഴവങ്ങാടി കരമുതൽ പെരുമ്പുഴ ബസ് സ്റ്റാന്റിനു സമീപം വരെയും, മാമുക്ക് മുതൽ ഇട്ടിയപ്പാറ വരെയും ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. പാലത്തിനും, മാമുക്ക് ജംഗ്ഷനും ഇടയിലായതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്ന് പോകുവാൻ റോഡിന് വീതിയില്ലാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുവാൻ കാരണം. ഇരുചക്രവാഹനങ്ങൾ അടക്കം ചെറിയ വാഹനങ്ങൾക്ക് ഭഗവതികുന്ന് ക്ഷേത്രം പടിയിൽ എത്തി ഐത്തല റോഡു വഴി ഇട്ടിയപ്പാറയിലെത്താം. ഇവിടെ ഡീവിയേഷൻ സൂചനകൾ ഇല്ലാത്തതിനാല്‍ പുറത്തു നിന്ന് വരുന്ന യാത്രക്കാർക്ക് ഈ വഴി അറിയാന്‍ കഴിയില്ല. ഗതാഗതക്കുരുക്ക് നീളുവാൻ ഇതും പ്രധാന കാരണമാണ്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച പണി ടൗൺ ഒഴിവാക്കി പ്ലാച്ചേരി മുതൽ ചെത്തോങ്കര വരെയും, പത്തനംതിട്ട റൂട്ടിലെ ഭാഗം മന്ദിരം പടി മുതൽ മണ്ണാറക്കുളഞ്ഞി ഭാഗത്തുമായിരുന്നു. ഈ റോഡിന്റെ ടൗണിലെ ഭാഗം റോഡിന്റെ അളവിനനുസരിച്ച് വീതി ഉണ്ടായിരുന്നതിനാലാണ് ആദ്യഘട്ട പ്രവർത്തികൾ ടൗണിനെ ബാധിക്കാതിരുന്നത്. റാന്നി ടൗണിന്റെ പുറത്തുള്ള റോഡിന്റെ പണി ഏറെക്കുറെ തീർന്നതിനാലാണ് ഇപ്പോൾ ടൗൺ കേന്ദ്രികരിച്ച് പണി നടക്കുന്നത്. റാന്നി ടൗണിൽ പണികൾ തുടങ്ങുന്നതിനു മുമ്പ് കരാർ കമ്പനി വ്യാപാരികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്‍ പ്രകാരം രാത്രിയിലാണ് ടൗണില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നത്. പക്ഷേ പകല്‍ ടൗണില്‍ വാഹനങ്ങളെത്തുന്നതോടെ കുരുക്കുണ്ടാവുകയാണ്. ടൗണിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ നിരവധി കലുങ്കുകള്‍ വീതി കൂട്ടി നിര്‍മ്മിക്കേണ്ടതുണ്ട്. കലുങ്കിന്റെ നിര്‍മ്മാണം വേഗത്തിലാക്കിയാല്‍ ഗതാഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും.