റാന്നി : താലൂക്ക് ആശുപത്രിയിലേക്കുള്ള പഞ്ചായത്ത് റോഡില്‍ വേലിയും അതിനുള്ളില്‍ നോ പാര്‍ക്കിങ് ബോര്‍ഡും സ്ഥാപിച്ച നിലയിൽ. ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് ഇറങ്ങിപ്പോകുന്നതിന് തടസ്സമുണ്ടാവുന്ന വിധത്തിലാണ് വേലി സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെയൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറഞ്ഞു. ആശുപത്രിയ്ക്ക് സമീപത്തെ പാര്‍ക്കിങ് കരാറെടുത്തവരാണിതിന് പിന്നിലെന്നും പറഞ്ഞു. രണ്ട് വശത്തും വേലി സ്ഥാപിക്കുന്നതിനായി കമ്പികള്‍ നാട്ടിയിരുന്നു. ഒരു വശത്ത് വേലി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയിലാണ് വേലി നിര്‍മിക്കുന്നത്. ആംബുലന്‍സ് ഇറങ്ങിവരുമ്പോള്‍ എതിരെ മറ്റൊരു വാഹനമെത്തിയാല്‍ കടന്നുപോകാനാവില്ല.
കാല്‍നടയാത്രക്കാരും ദുരിതത്തിലായി. പാര്‍ക്കിങ് ലേലത്തില്‍ കൊടുത്തിട്ടുണ്ടെങ്കിലും റോഡ് പഞ്ചായത്തിന്റേതാണെന്നും അവിടെ വേലി കെട്ടുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു പറഞ്ഞു. റോഡിലെ പാര്‍ക്കിങ് ഒഴിവാക്കുമ്പോള്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തുമെന്ന കണക്കുകൂട്ടലില്‍ കരാറുകാരന്‍ ചെയ്ത നടപടിയാണിതെന്നാണ് കരുതുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ പറഞ്ഞു. ഇതേപ്പറ്റി അന്വേഷിച്ച് വേലി ഒഴിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.