റാന്നി : 2018 ലെ വെള്ളപ്പൊക്കത്തില്‍ ആദ്യം വെള്ളം കയറിയ റാന്നിയിലെ തോട്ടിലെ സുഗമമായ ഒഴുക്ക് പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് തോടിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തി. 15 ദിവസത്തിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള റാന്നി ചെത്തോങ്കര, ഉപാസനക്കടവ് വരെയുള്ള കയ്യേറ്റം കണ്ടെത്തി സര്‍വേ ചെയ്ത് തോട്ടിലെ ഒഴുക്കിനെ തടസപ്പെടുത്തുന്നവ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 45 ലക്ഷത്തിന് എടുത്ത ടെന്‍ഡര്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനത്തില്‍ കാലതാമസമെടുക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുള്ളതിനാല്‍ മൈനര്‍ ഇറിഗേഷന്‍ ഉടന്‍തന്നെ കാട് വെട്ടിമാറ്റി പ്രവര്‍ത്തനം ആരംഭിക്കും.
റാന്നി ഉപാസനക്കടവില്‍ മരം കടപുഴകി കിടക്കുന്നത് സോഷ്യല്‍ ഫോറസ്ട്രിയുമായി സംസാരിച്ച് വെട്ടിമാറ്റുന്നതിനുള്ള നടപടികള്‍ തഹസീല്‍ദാര്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. റാന്നി വലിയതോട്, ഉപാസനക്കടവ് എന്നീ സ്ഥലങ്ങളും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.
അസി.കളക്ടര്‍ വി.ചെല്‍സാ സിനി, അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ്, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്, റാന്നി തഹസീല്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, റാന്നി എല്‍.ആര്‍ തഹസീല്‍ദാര്‍ ഒ.കെ ഷൈല, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുരേന്ദ്രബാബു, റാന്നി ബി.ഡി.ഒ രാജശേഖരന്‍ നായര്‍, താലൂക്ക് സര്‍വെയര്‍ എന്‍. ചന്ദ്രന്‍, വില്ലേജ് ഓഫീസര്‍മാരായ സജി കെ.ഫിലിപ്, ആര്‍.സന്തോഷ് കുമാര്‍, അങ്ങാടി പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ്, പഴവങ്ങാടി പഞ്ചായത്ത് സെക്രട്ടറി മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.