റാന്നി : ഇട്ടിയപ്പാറയിൽ നിന്ന് ചെട്ടിമുക്ക് വലിയകാവ് വഴി പൊന്തൻപുഴ എത്തുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ അങ്ങാടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ശക്തമായ മഴയിൽ റാന്നി-വലിയകാവ്-പൊന്തൻ പുഴ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. വെള്ളക്കെട്ടും കുഴികളും കൊണ്ടു നിറഞ്ഞ റോഡിൽ കാൽനട യാത്ര പോലും ദുസഹമായ നിലയിലാണ്. ചെട്ടിമുക്ക് മുതൽ പൊന്തൻപുഴ വരെയുള്ള 8 കി.മീറ്റർ ദൂരമാണ് ഏറെ തകർന്നത്.
ഈ റോഡ് തെളളിയൂർ-വലിയകാവ്-പൊന്തൻപുഴ എന്ന പേരിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. മഴ കൂടി എത്തിയതോടെ റോഡിൽ ടൂ വീലർ യാത്രയാണ് ഏറ്റവും ദുഷ്കരമായത്. ദിനംപ്രതി നൂറ് കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ: ആർ. ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.ടി. ലാലച്ചൻ , പി.എസ്. സതീഷ് കുമാർ,സി.ആര്‍ മനോജ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഓയിൽ പാം ഇൻഡ്യാ ചെയർമാന്‍ എം.വി വിദ്യാധരൻ , ജില്ലാ കൗൺസിലംഗം ടി.ജെ ബാബുരാജ്, ലിസ്സി ദിവാൻ , ഇ.ടി കുഞ്ഞുമോൻ , എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.എസ് സതീഷ് കുമാർ, അസി: സെക്രട്ടറി പി. അനീഷ് മോൻ.