റാന്നി: റാന്നി ടൗണില്‍ സംസ്ഥാന പാതയുടെ വശങ്ങളിൽ നടപ്പാതയോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ വേലി ദിനംപ്രതി തകർന്നു കൊണ്ടിരിക്കുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അപകടങ്ങളാണ് നടപ്പാതയുടെ സംരക്ഷണ വേലി ഇടിച്ചു തകർക്കുന്നത്. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങളാണ് അപകടത്തിനു കാരണം. നിയന്ത്രണം വിട്ടു വരുന്ന വാഹനങ്ങൾ നടപ്പാതയുടെ സംരക്ഷണവേലിയിൽ ഇടിക്കുമ്പോൾ കാല്‍നട യാത്രക്കാര്‍ ആ സമയങ്ങളില്‍ ഇല്ലാത്തതിനാൽ പല ദുരന്തങ്ങളും ഒഴിവാകുകയായിരുന്നു. സംസ്ഥാന പാതയിലെ അപകടം കുറയ്ക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ അറിഞ്ഞമട്ട് നടിക്കുന്നില്ല.
എല്ലാ മാസവും ചേരുന്ന താലൂക്ക് വികസന സമിതി യോഗത്തിൽ റാന്നിയിലെ അപകടങ്ങൾ കുറയ്ക്കുവാൻ നടപടി വേണമെന്ന ആവശ്യം ഉയരാറുണ്ട്. പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്കുമെങ്കിലും തീരുമാനങ്ങള്‍ കടലാസിൽ ഒതുങ്ങുകയാണ് പതിവ്. അപകടത്തില്‍ തകര്‍ന്ന വേലികള്‍ പുനസ്ഥാപിക്കേണ്ട ചുമതല കെ.എസ്.ടി.പിക്കാണ്. എന്നാല്‍ തകര്‍ന്ന വേലികള്‍ അതേപോലെ തന്നെ തുടരുകയാണ്. ഇത് യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയുമാവുന്നുണ്ട്. സംഭവത്തില്‍ അധികൃതരുടെ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.