റാന്നി: റാന്നിയുടെ ആരോഗ്യമേഖലയ്ക്ക് കോടികളുടെ പദ്ധതികൾ. ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയിൽ നാഴികക്കല്ലാകുന്ന പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. റാന്നി താലൂക്ക് ആശുപത്രി കെട്ടിടം ടെൻഡർ ക്ഷണിക്കുവാൻ തീരുമാനമായി. ആകെ 15.63 കോടി രൂപയുടെ കെട്ടിട നിർമ്മാണമാണ് കിഫ്ബി മുഖാന്തരം നടപ്പാക്കുന്നത്. ഇതിൽ കെട്ടിടത്തിനായുള്ള സ്ഥലം ഏറ്റെടുപ്പിനുള്ള തുകയും ഉൾപ്പെടും. കൂടാതെ റാന്നി താലൂക്ക് ആശുപത്രിയിൽ ആധുനിക ലേബർ റൂം നിർമ്മാണത്തിനായി 93 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കിടത്തി ചികിത്സ ആരംഭിച്ച പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് 2.05 കോടി രൂപയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലത്തിൻ്റെ സർവ്വേയും മണ്ണ് പരിശോധനയും ഉടൻ ആരംഭിക്കും. ഡിസംബറോടെ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കാനാകും. ഇവിടെ ലാബ് ആരംഭിക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.
എംഎൽഎയുടെ നിർദ്ദേശപ്രകാരം വെച്ചൂച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 5.76 കോടി രൂപയുടെ പുതിയ കെട്ടിടത്തിന് അനുമതി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് 8 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അടുത്ത മാർച്ചിൽ പൂർത്തിയാകും.
റാന്നിയിലെ വിവിധ ആശുപത്രികളിൽ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഇതിന് ഡി എച്ച് എസിനെ യോഗം ചുമതലപ്പെടുത്തി. കാഞ്ഞീറ്റുകരയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥല ലഭ്യതയും പരിശോധിക്കും. തെള്ളിയൂർ ആശുപത്രിക്ക് 1.40 കോടി രൂപയുടെ പുതിയ കെട്ടിടം നിർമ്മാണം ഉടൻ ആരംഭിക്കും. അട്ടത്തോട് , തുലാപ്പള്ളി, കക്കാട്, കാട്ടൂർ, പ്ലാങ്കമൺ, അയിരൂർ സൗത്ത് എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ 14 സെന്ററുകൾക്ക് കൂടി പുതിയ കെട്ടിടം ആവശ്യമുണ്ടെന്ന് അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. അങ്ങാടി, പഴവങ്ങാടി പി എച്ച് സി കളിലെ കെട്ടിട നിർമ്മാണം വേഗത്തിൽ ആക്കാൻ നിർദ്ദേശം നൽകി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ മന്ത്രി വീണാ ജോർജിനെയും അഡ്വ. പ്രമോദ് നാരായൺ എംഎൽഎയെയും കൂടാതെ ആരോഗ്യവകുപ്പ് അഡീ ചീഫ് സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ, എൻഎച്ച് എം ഡയറക്ടർ ഡോ.വിനയ് ഗോയൽ,
ഹെൽത്ത് ഡയറക്ടർ ഡോ. കെ ജെ റീന, എൻഎച്ച് എം ചീഫ് എൻജിനീയർ
രാജീവ് കരീം ,ഡി എം ഒ ഡോ.അനിത കുമാരി , ഡി പി എം ഡോ.ശ്രീകുമാർ എന്നിവരും പങ്കെടുത്തു.