ബംഗളൂരു : ബംഗളൂരുവിന് സമീപത്തെ ഹോസ്കോട്ടയിൽ ബന്ധുവിന്റെ മുന്നിൽവെച്ച് 20-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അഞ്ച് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ. ഹന്ദേനഹള്ളി സ്വദേശികളായ നവാസ് പാഷ (22), ആഷിഫ് (29), ലിയാഖത്ത് പാഷ (30), രോഹിത് (26), സൽമാൻ ഖാൻ (28) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടിയും ബന്ധുവും യാത്രയ്ക്കിടെ വാഹനം വഴിയരികിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മാറ്റിയിട്ട് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ടാക്സിഡ്രൈവർമാർ ഇവരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെയും ബന്ധുവിന്റെയും ദൃശ്യങ്ങൾ പകർത്തിയെന്നും ഇത് പരസ്യപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. അഞ്ചുലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.`
പിന്നീട് കാറിൽനിന്ന് പെൺകുട്ടിയെ പിടിച്ചിറക്കി അഞ്ചുപേരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സമീപപ്രദേശത്ത് ആടുമേയ്ക്കുകയായിരുന്ന ചിലർ സ്ഥലത്തെത്തിയതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് പെൺകുട്ടിയും ബന്ധുവും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സമീപപ്രദേശങ്ങളിലെ സി.സി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ടാക്സി ഡ്രൈവർമാരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് ഹൊസ്കോട്ടയിൽ നിന്ന് അഞ്ചുപേരെയും പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെൺകുട്ടിയും ബന്ധുവും കയറിയ കാറിനെ ഏറെനേരം സംഘം പിന്തുടർന്നിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.