ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ പതിനാറുകാരിക്ക് നാട്ടുകാരില്‍നിന്ന് ഏല്‍ക്കേണ്ടിവന്നത് ക്രൂരപീഡനം. ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം പെണ്‍കുട്ടിയെയും കയര്‍ കൊണ്ട് കെട്ടി റോഡിലൂടെ നടത്തി. ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു.
ബലാത്സംഗത്തിന് ഇരയാക്കിയ ആള്‍ക്കൊപ്പം പെണ്‍കുട്ടിയെയും ബന്ധിച്ച് മുദ്രാവാക്യം വിളിച്ച് ഇവരെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ അലിരാജ്പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പോലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. ഇരുപത്തിയൊന്നുകാരനെതിരെ ബലാത്സംഗക്കേസും മറ്റുള്ളവര്‍ക്കെതിരെ പെണ്‍കുട്ടിയെ മര്‍ദിച്ചതിനും കേസെടുത്തെന്നു പോലീസ് പറഞ്ഞു.