കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലംകോട്, മേവര്‍ക്കല്‍, പട്ട്‌ള നിസാര്‍ മന്‍സിലില്‍ അല്‍നാഫി (18), അല്‍നാഫിയെ ഒളിവില്‍ കഴിയാനും സ്വര്‍ണം പണയം വയ്ക്കാനും സഹായിച്ച എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടില്‍ സോണി ജോര്‍ജുമാണ് (23) അറസ്റ്റിലായത്. സോണി ജോര്‍ജ്ജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്ത കേസിലെ പ്രതിയാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് :
നഗരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് അല്‍നാഫി പ്രണയം നടിച്ച് വശീകരിച്ചത്. കടലുകാണി അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും സഹോദരിയുടേത് ഉള്‍പ്പെടെ 18.5 പവന്‍ സ്വര്‍ണം കൈക്കലാക്കുകയും ചെയ്തു. 9 പവന്‍ സ്വര്‍ണം പ്രതിയും വഞ്ചിയൂരിലുള്ള സുഹൃത്തുക്കളും ചേര്‍ന്ന് അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലും ജൂവലറികളിലും വിറ്റു. ബാക്കിയുള്ള 9.5 പവന്‍ സ്വര്‍ണവുമായി അല്‍നാഫിയും സുഹൃത്തുക്കളും എറണാകുളത്ത് സോണി ജോര്‍ജിനെ സമീപിച്ചു. അല്‍നാഫിയുടെ സുഹൃത്ത് മുഖേനയാണ് സംഘം സോണിജോര്‍ജിനെ പരിചയപ്പെട്ടത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസമാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെ വീട്ടുകാര്‍ നഗരൂര്‍ പോലീസിനെ സമീപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പീഡനത്തെക്കുറിച്ചും സ്വര്‍ണം പ്രതികള്‍ക്ക് കൈമാറിയതിനെക്കുറിച്ചും പോലീസിനോട് പറഞ്ഞു. റൂറല്‍ എസ്പി ബി അശോകന്റെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് അല്‍നാഫി മടവൂരില്‍ അറസ്റ്റിലായത്. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.