തിരുവനന്തപുരം: തിരുവനന്തപുരത്ത് ബലാത്സംഗക്കേസില്‍ പോലീസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് പത്തുവര്‍ഷം കഠിനതടവ് വിധിച്ച് കോടതി. വിവാഹിതയായ സ്ത്രീയെ സ്‌നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലാണ് മൂന്നു പ്രതികള്‍ക്ക് പത്തുവര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാപ്പനംകോട് എസ്റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മന്‍സിലില്‍ സച്ചു എന്ന സജാദ്(33), വിളവൂര്‍ക്കല്‍, ചൂഴാറ്റുകോട്ട, വിളയില്‍ക്കോണം സെറ്റില്‍മെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത്(32), പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടില്‍ അഭയന്‍ (47) എന്നിവരെയാണ് ശിക്ഷിച്ചത്.
2016-ലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി സജാദ് യുവതിയെ ആശുപത്രിയില്‍വെച്ചാണ് പരിചയപ്പെടുന്നതും തുടര്‍ന്ന് അടുപ്പത്തില്‍ ആകുന്നതും. രണ്ടാം പ്രതി ശ്രീജിത്തും പിന്നീട് ഇവരുടെ സുഹൃത്തായി. 2016 നവംബര്‍ 25-ന് രാവിലെ 10.30ന് സജാദും ശ്രീജിത്തും ചേര്‍ന്ന് പോലീസുകാരനായ അഭയന്റെ ചൂഴാറ്റുകോട്ടയിലെ വീട്ടില്‍ യുവതിയെ എത്തിച്ചു. ഇവിടെവെച്ച് യുവതിയെ മൂന്നുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.