മലപ്പുറം : പീഡനക്കേസില്‍ ഒളിവില്‍ പോയ അസം സ്വദേശിയെ മൂന്ന് വര്‍ഷത്തിന് ശേഷം അസമില്‍ നിന്നും പോലീസ് പിടികൂടി. അസാമിലെ സിലാപത്തര്‍ സ്വദേശിയായ പ്രശാന്ത് കോന്‍വാര്‍ ആണ് പോലീസ് പിടിയിലായത്. 2018 ല്‍ മലപ്പുറം വണ്ടൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്യവെ കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിനിയുടെ മകളെ ഇയാള്‍ പീഡിപ്പിച്ച് ഒളിവില്‍ പോവുകയായിരുന്നു.
ശുചിമുറിയില്‍ വച്ചും പ്രതിയുടെ മുറിയില്‍ വച്ചും രണ്ടുതവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. ഇത് അറിഞ്ഞ പ്രശാന്ത് കോന്‍വാര്‍ ഒളിവില്‍ പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ വണ്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി.
തുടര്‍ന്ന് അഞ്ചംഗസംഘം രൂപീകരിച്ച് അന്വേഷണം അസമിലേക്ക് വ്യാപിപ്പിച്ചു. 12ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു. തീവ്രവാദ ഭീഷണി നേരിടുന്ന പ്രദേശമായതിനാല്‍ ജില്ലാ പോലിസ് മേധാവിയുടെ സഹായത്തോടെ കമാന്‍ഡോകളെ ഉപയോഗിച്ച് വീട് വളഞ്ഞാണ് പ്രതിയേ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രശാന്ത് കോന്‍വാറിനെ റിമാന്‍ഡ് ചെയ്തു.