ലഖ്നോ: ഗായികയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് എം.എല്‍.എ വിജയ് മിശ്രയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആംദള്‍ (നിഷാദ് പാര്‍ട്ടി) എം.എല്‍.എയാണ് വിജയ് മിശ്ര.
2014ല്‍ ഒരു പരിപാടിക്ക് മിശ്ര തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചുവെന്നും അവിടെ വെച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് ഗായികയുടെ പരാതി. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
2015ല്‍ വരാണാസിയിലെ ഒരു ഹോട്ടലില്‍ വെച്ചും മിശ്ര തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ഗായിക ആരോപിച്ചതായി ഭാദോഹി പോലീസ് സൂപ്രണ്ട് രാം ബദാന്‍ സിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പി.ടിഐ റിപ്പോര്‍ട്ട് ചെയ്തു. ഒരിക്കല്‍ ബലാത്സംഗത്തിന് ശേഷം മിശ്ര തന്റെ മകനോടും മരുമകനോടും ഗായികയെ അവരുടെ വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തന്നെ തിരികെ കൊണ്ടുപോകുന്നതിനുമുമ്പ് ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നും ഗായിക ആരോപിക്കുന്നു.
ഈ വര്‍ഷം സെപ്റ്റംബറില്‍ വിജയ് മിശ്ര എം.എല്‍.എയെ ഭൂമി കൈയേറ്റ കേസില്‍ മധ്യപ്രദേശില്‍ വെച്ച് അറസ്റ്റിലാവുകയും ആഗ്ര ജയിലില്‍ അയക്കപ്പെടുകയും ചെയ്തിരുന്നു. മിശ്ര ജയിലിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ച ഗോപിഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗായിക പറഞ്ഞു. വിജയ് മിശ്രയുടെ പക്കല്‍ തന്റെ വീഡിയോ ക്ലിപ്പുണ്ട്. മാത്രമല്ല, വിവിധ കേസുകളില്‍ ഉള്‍പ്പെട്ടയാളും ശക്തനുമായതിനാല്‍ അദ്ദേഹത്തിനെതിരെ പരാതിപ്പെടാന്‍ ഭയപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
മൂന്നാഴ്ച മുമ്പാണ് മിശ്രയെ ആഗ്ര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. നിരവധി കേസുകളില്‍ പ്രതിയാണ് വിജയ് മിശ്ര.