മലപ്പുറം : മഞ്ചേരിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാം (21) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 2021 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടിയെ യുവാവ് പ്രണയം നടിച്ച് വശീകരിക്കുകയും ബൈക്കില്‍ കയറ്റി ബീച്ചിലും മറ്റും കൊണ്ടു പോവുകയും ചെയ്തിരുന്നു.
കുട്ടിയുമായി അടുപ്പത്തിലായ പ്രതി പിന്നീട് പ്രണയം നടിച്ച് പലയിടത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നിര്‍ദേശ പ്രകാരം എസ്‌ഐ ഖമറുസമാന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ വി.സി കൃഷ്ണനാണ് കേസന്വേഷിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ ജില്ലയും മുന്നില്‍. ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പീഡനത്തില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ലെന്ന് പോലീസ് പറയുന്നു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് മലപ്പുറം ജില്ലയെ ആശങ്കപ്പെടുത്തുന്നു. കൊണ്ടോട്ടിയില്‍ പഠന ആവശ്യത്തിനായി പോവുകയായിരുന്ന 21കാരിയാണ് അതിക്രമത്തിന് ഇരയായിരുന്നു. വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി നാട്ടുകാരനായ 15 വയസുകാരന്‍ ആണെന്ന് അറിയുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം കൂടുതല്‍ ഏറുന്നത്.
പീഡനത്തിന് ഇരയായ 17കാരി പ്രസവിച്ച സംഭവവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ടക്കലിലാണ് വീട്ടുകാര്‍ പോലുമറിയാതെ പെണ്‍കുട്ടി പ്രസവിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പീഡിപ്പിക്കുന്ന പരാതികളും ജില്ലയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ് ഇരകളാവുന്നവരില്‍ നല്ലൊരു പങ്കും.
സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി നിരവധി പദ്ധതികളും ബോധവത്കരണവും നടപ്പാക്കുമ്പോഴും ഇതൊന്നും വേണ്ട വിധത്തില്‍ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതിന്റെ തെളിവാവുകയാണ് തുടര്‍ച്ചയായി സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമ കേസുകള്‍. വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള 623 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017 മുതല്‍ ജില്ലയില്‍ സ്ത്രീകള്‍ ഇരകളാവുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2017ല്‍ 1,323 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021 ല്‍ 1,617 ആയി ഉയര്‍ന്നു.