കൊല്ലം : നിരവധി കേസുകളിലെ പ്രതി പോക്‌സോ വകുപ്പ് പ്രകാരം പോലീസിന്റെ വലയിലായി. കൊല്ലം പാരിപ്പള്ളി ഊന്നിൻമൂട് പുത്തൻവീട്ടിൽ സുദേവനെയാണ് (65) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലായി മോഷണം ഉൾപ്പെടെ പതിനാറോളം കേസുകളിൽ സുദേവൻ പ്രതിയാണ്. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ഇയാൾ കുടുങ്ങിയത്. പനിയെ തുടർന്ന് പാരിപ്പള്ളിയിലെ ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
ആശുപത്രിയിൽ വെച്ച് പെൺകുട്ടിയുമായി പരിചയപ്പെട്ട പ്രതി മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വർക്കലയിലും പാരിപ്പള്ളിയിൽ പ്രതി താമസിക്കുന്ന ലോഡ്ജിലുമെത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പാരിപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.