തൃശൂര്‍ : എട്ടാം ക്ലാസുകാരിക്കുനേരെ നടന്ന പീഡനക്കേസില്‍ അധ്യാപകന് വിവിധ വകുപ്പുകളിലായി ഒമ്പതുവര്‍ഷം കഠിന തടവും 45,000 രൂപ പിഴയടക്കാനും ശിക്ഷ.
പാലക്കാട് ചിറ്റൂര്‍ കടമ്പിടി ദേശത്ത് രഘുനന്ദനനെ (58) യാണ് തൃശൂര്‍ പോക്സോ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പിഴയടക്കുന്ന തുക അതിജീവിതക്ക് നല്‍കാനും ഉത്തരവായി. പിഴയടക്കാത്ത പക്ഷം അഞ്ചുമാസം അധികത്തടവ് അനുഭവിക്കണം.
2018ലാണ് കേസിന്നാസ്പദമായ സംഭവം. മെസ് ഹാളിലും വരാന്തയിലുംവെച്ച് പലതവണ മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. വിവരം പങ്കുവെച്ച കൂട്ടുകാരി പ്രിന്‍സിപ്പലിനോട് പരാതിപ്പെടാന്‍ ഉപദേശിച്ചെങ്കിലും വിചാരണക്കിടയില്‍ കൂട്ടുകാരിയായ സാക്ഷി പ്രതിഭാഗം ചേര്‍ന്നു. എങ്കിലും പ്രോസിക്യൂഷന്‍ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റം തെളിയിക്കപ്പെടുകയായിരുന്നു.
അതിജീവിതയുടെ മൊഴിയുടെ പുറമെ സ്കൂള്‍ പ്രിന്‍സിപ്പല്‍ കോടതി മുമ്പാകെ നല്‍കിയ മൊഴിയും നിര്‍ണായകമായി. സമൂഹത്തിലും വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലും മാതൃകയാകേണ്ട അധ്യാപകനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റകൃത്യമാണെന്നും അതുകൊണ്ടുതന്നെ ശിക്ഷ ലഘൂകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പഴയന്നൂര്‍ പൊലീസിനുവേണ്ടി സബ് ഇന്‍സ്പെക്ടര്‍ പി കെ ദാസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍സ്പെക്ടര്‍ വിജയകുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ പി അജയ്കുമാര്‍ കോടതിയില്‍ ഹാജരായി.