പത്തനംതിട്ട : കലയും സംസ്കാരവും ദേശീയതയും സമന്വയിച്ച വേദിയിലേക്ക് ഭാരതാംബയും മഹാത്മാഗാന്ധിയും വൈക്കം മുഹമ്മദ് ബഷീറും മാധവിക്കുട്ടിയും കുഞ്ഞുണ്ണിമാഷും വാക്കുകളുടെയും വർണ്ണങ്ങളുടെയും അകമ്പടിയോടുകൂടി എത്തിയ വേദിയിൽ റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി നവാഗതരായ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. മഹത് വ്യക്തിത്വങ്ങളുടെ വേഷം ധരിച്ച അഞ്ചുകുട്ടികൾ ചേർന്ന് കൽവിളക്കിൽ ദീപം തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിച്ച വിദ്യാലയത്തിൽ നവാഗതരായെത്തിയ കുട്ടികളും രക്ഷിതാക്കളും ചേർന്ന് 100 ദീപങ്ങൾ തെളിയിച്ച ചടങ്ങ് വേറിട്ടതായി. സംഗീത വിഭാഗം ഒരുക്കിയ സ്കൂൾ പ്രവേശനോത്സവഗാനം, നാടൻപാട്ടരങ്ങ്, ഗാനാലാപനം എന്നിവ അവതരണമികവുകൊണ്ട് ശ്രദ്ധനേടി. 2021 യു.എസ്. .എസ്, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയ അബിയ സി. തോമസ്, ദേവിക ദീപു, മന്യ വിനോദ്, റൂബൻ ജി. മാത്യു എന്നിവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.
2022 – 27 അക്കാദമിക കാലഘട്ടത്തിലേക്കുള്ള മാസ്റ്റർപ്ലാൻ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. കോന്നി ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ്, പി.ടി.എ പ്രസിഡൻ്റ് മനോജ് പുളിവേലിൽ, സ്കൂൾ മാനേജർ എൻ.മനോജ്, പ്രിൻസിപ്പാൾ സുനിൽ ആർ, എസ്.സന്തോഷ്കുമാർ, ഹെഡ്മിസ്ട്രസ് ലീന കെ.എസ്, നാടക സാംസ്കാരിക പ്രവർത്തകൻ കൊടുമൺ ഗോപാലകൃഷ്ണൻ, ആർ.സുരേഷ് കുമാർ, ആർ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. അധ്യാപക രക്ഷാകർതൃസമിതി പ്രവേശനോത്സവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.