തൃശൂര്‍: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും എറണാകുളം മുളവുകാട് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുമായ മരട് പനച്ചിക്കല്‍ സുനുവിന്റെ (44) മുന്‍കൂര്‍ ജാമ്യഹരജി തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ തള്ളി. പട്ടികജാതിക്കാരിയായ യുവതി പരാതി നല്കാന് മുളവുകാട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അടുപ്പം കൂടി പലതവണ കാറിലും വീട്ടിലേക്ക് കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് ആരോപണം.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയെ വിവാഹമോചനം ചെയ്ത് പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയും പലതവണ പീഡിപ്പിച്ചതായി പരാതിയുണ്ട്. 2019 നവംബര്‍ 25ന് യുവതിയെ ബലംപ്രയോഗിച്ച് തൃശൂരിലേക്ക് കൊണ്ടുവരുകയും ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ കൂട്ടിക്കൊണ്ടുപോയി മൊഴി എടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.