ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഗവേഷകസംഘം അപൂര്‍വ ഇനം കുഴിയാനത്തുമ്പിയെ കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ്, ചീരങ്കാവ്, മണ്ണുത്തി, മലപ്പുറം ജില്ലയിലെ അരൂര്‍, ഇടുക്കി ജില്ലയിലെ മൂന്നാര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇതിനെ കണ്ടെത്തിയത്. ക്രൈസ്റ്റ് കോളേജ് ഷഡ്പദ എന്‍റമോളജി ഗവേഷകന്‍ ടി.ബി. സൂര്യനാരായണന്‍, ഡോ. ബിജോയ്, ഹംഗേറിയന്‍ ശാസ്ത്രജ്ഞന്‍ ലെവന്‍ഡി അബ്രഹാം എന്നിവരാണ് കണ്ടെത്തലിന് പിന്നില്‍.
മറ്റുള്ള കുഴിയാനത്തുമ്പികളില്‍നിന്ന് വത്യസ്തമായി അയഞ്ഞ മണ്ണില്‍ കുഴികള്‍ ഉണ്ടാക്കാതെ മണ്ണിന്‍റെ പ്രതലത്തിലാണ് ഇവയുടെ ലാര്‍വ കാണപ്പെടുന്നത്. ഒമ്പത് ദശകങ്ങള്‍ക്കുശേഷമാണ് ഇവയെ ഇന്ത്യയില്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ കണ്ടെത്തുന്ന മൂന്നാമത്തെ ഇനം കുഴിയാനത്തുമ്പിയാണിത്. കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഗവേഷണ ഗ്രാന്‍റ് ഉപയോഗിച്ചാണ് പഠനം നടത്തിയത്.