പാലക്കാട് : റോഡില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം. ഇതിനിടെ മറ്റൊരു സ്‌കൂടെറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോഡില്‍ ഇടിച്ചുതെറിപ്പിച്ചിട്ട് നിര്‍ത്താതെ പോവുകയും ചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് പാലക്കാട് നഗരത്തിലെ എസ് ബി ഐ ജങ്ഷനിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.
യുവാവ് റോഡിലൂടെ അപകടകരമായരീതിയില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോയും സ്‌കൂടെര്‍ ഇടിച്ചിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമിതവേഗതയില്‍ റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പിന്നാലെയെത്തിയ ഒരു കാറിലെ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. ഇവരാണ് ദൃശ്യങ്ങള്‍ കാറിലെ കാമറയില്‍ റെകോഡ് ചെയ്തത്.
അമിതവേഗത്തിലെത്തിയ സ്‌കൂട്ടര്‍ ബസിനെ മറികടക്കുകയും സിഗ്‌നലിന് തൊട്ടുമുമ്പായി സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നുകളയുകയുമായിരുന്നു. കിലോമീറ്ററുകളോളം അപകടകരമായരീതിയിലാണ് യുവാവ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്നും ഇതിനാലാണ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും കാറിലുണ്ടായിരുന്നവര്‍ പറഞ്ഞു.
ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ ആര്‍ ടി ഓഫീസില്‍ രവി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വൈകാതെ തന്നെ യുവാവിനെ പിടികൂടുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.