ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹത്തില്‍ എലി കടിച്ചതായി ആരോപണം. മധ്യപ്രദേശിലെ ഇന്ദോറിലെ യുണീക്ക് ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തി. നവീന്‍ ചന്ദ് ജയിന്‍(87) എന്നയാളുടെ മൃതദേഹത്തിലാണ് എലി കടിച്ചത്. ഇദ്ദേഹത്തെ കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരില്‍നിന്ന് മൃതദേഹം സ്വീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മുഖത്തും കാലിലും എലി കടിച്ചതായി കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ വിസമ്മതിച്ചുവെന്ന് മരിച്ചയാളുടെ മകന്‍ പ്രതികരിച്ചു. മൃതദേഹത്തിന്റെ കണ്ണ്, മുഖം, ചെവി, കാലുകള്‍ എന്നിവിടങ്ങളില്‍ എലി കടിച്ചിരുന്നുവെന്ന് മകന്‍ പറഞ്ഞു. ഇവരുടെ പ്രതിഷേധത്തെ പോലീസ് എതിര്‍ത്തുവെന്നും ആരോപണമുണ്ട്. അതേസമയം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹത്തില്‍ എലികള്‍ കേടുപാടുകള്‍ വരുത്തിയതായും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇന്ദോര്‍ കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ.എ. മലാകര്‍ പറഞ്ഞു.