അടൂര്‍ : സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വിതരണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കോവിഡ് 19മായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് റേഷന്‍കടകള്‍ വഴി സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന്റെ അടൂരിലെയും പന്തളത്തെയും പാക്കിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കിറ്റ് ആവശ്യമില്ലാത്തവര്‍ സമ്മതപത്രം നല്‍കിയാല്‍ അതു മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയും. മഞ്ഞ കാര്‍ഡ് ഉള്ളവരുടെ കിറ്റ് വിതരണം നടന്നു കഴിഞ്ഞു. ഇപ്പോള്‍ പിങ്ക് കാര്‍ഡുള്ളവരുടെ കിറ്റാണ് തയാറാക്കി വരുന്നത്. ഇവയുടെ വിതരണം ഉടന്‍ ആരംഭിക്കും. മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യുന്ന തീയതി പിന്നീട് തീരുമാനിക്കും. സോപ്പ്, എണ്ണ തുടങ്ങിയവ ഉള്‍പ്പെടെ 17 ഇനം സാധനങ്ങളാണ് സൗജന്യ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ സംബന്ധമായ തീരുമാനം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം അറിയിക്കും. നിയന്ത്രണങ്ങളില്‍ ചില ഇളവ് വരുത്തുന്നത് പരിഗണിക്കുന്നുണ്ട്.
തമിഴ്നാട് അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാണെങ്കിലും ചരക്ക്‌നീക്കം കുറഞ്ഞിട്ടില്ല. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയിലും കുറവില്ല. രണ്ടു മാസത്തെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് കരുതുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പോലീസിന്റെയും വിജിലന്‍സിന്റെയും നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. പന്തളത്തെ സമൂഹ അടുക്കളയും മന്ത്രി സന്ദര്‍ശിച്ചു. സന്നദ്ധ സംഘടനകള്‍ ഭക്ഷ്യധാന്യങ്ങള്‍ സമൂഹ അടുക്കളയില്‍ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തയാറാക്കിയ സാനിറ്റൈസറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, പന്തളം നഗരസഭാ അധ്യക്ഷ ടി.കെ സതി, ജില്ലാ പഞ്ചായത്തംഗം ടി. മുരുകേഷ്, അടൂര്‍ ആര്‍ഡിഒ പി.ടി ഏബ്രഹാം, തഹസീല്‍ദാര്‍ ബീന എസ്. ഹനീഫ്, താലൂക്ക് സപ്ലൈ ഓഫീസര്‍ എം.അനില്‍, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ വി.കെ. തോമസ്, ജൂനിയര്‍ മാനേജര്‍ വി. വേണുഗോപാല്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ഡി.സജി, അരുണ്‍ എസ്. മണ്ണടി, എ.പി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.