ആലപ്പുഴ : അനര്‍ഹര്‍ കൈവശം വെച്ചിട്ടുള്ള പൊതുവിഭാഗം സബ്‌സിഡി റേഷന്‍ കാര്‍ഡുകളും (നീല) പൊതുവിതരണവകുപ്പു പിടിച്ചെടുക്കും. പരാതി ലഭിച്ചവരുടെ നീലക്കാര്‍ഡുകളാവും ആദ്യഘട്ടത്തില്‍ പിടിച്ചെടുക്കുക. വീടുകളില്‍ നേരിട്ടും അയല്‍വാസികള്‍ക്കിടയിലും അന്വേഷണം നടത്തിയശേഷമായിരിക്കും നടപടി.
അനര്‍ഹര്‍ കൈവശം വെച്ചിരുന്ന അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളാണ് ഇതുവരെ തിരിച്ചുപിടിച്ചിരുന്നത്. നീലക്കാര്‍ഡ് കൈവശം വെച്ചവരിലും അനര്‍ഹരുണ്ടെന്നു സംസ്ഥാന ഭക്ഷ്യക്കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇവരെ ഒഴിവാക്കി പകരം വെള്ളക്കാര്‍ഡുള്ള അര്‍ഹരായവരെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കമ്മിഷന്‍ ശുപാര്‍ശ. ഇതുംകൂടി പരിഗണിച്ചാണു നടപടി.
പല സപ്ലൈ ഓഫീസുകളിലേക്കും അനര്‍ഹമായി നീലക്കാര്‍ഡുകൈവശംവെച്ച് ആനുകൂല്യം കൈപ്പറ്റുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ അന്വേഷണം നടത്തി നീലക്കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നത്.