കൊട്ടാരക്കര : സ്വകാര്യ മില്ലില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 400 കിലോ റേഷനരി പിടിച്ചു. കൊട്ടാരക്കര ചെന്തറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫ്ലവര്‍ മില്ലുടമ തമിഴ്നാട് സ്വദേശി അയ്യപ്പനെതിരെ അവശ്യ സാധന നിയമ പ്രകാരം കേസെടുത്തു. താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്.എ.സെയിഫ് നടത്തിയ പരിശോധനയിലാണ് അരി പിടിച്ചെടുത്തത്.
കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കിയ അരിയാണ് കണ്ടെടുത്തത്. കാര്‍ഡുടമകളില്‍ നിന്നും കിലോയ്ക്ക് 10 രൂപ നിരക്കില്‍ വാങ്ങുന്ന അരി മില്ലില്‍ പൊടിച്ച് 40-50 രൂപ നിരക്കില്‍ അരിപ്പൊടിയായും അരി മാവായും വില്‍ക്കുകയാണ് പതിവ്. 371 കിലോ വെള്ള അരിയും, 30 കിലോ കുത്തരിയും കണ്ടെടുത്തു.
റേഷന്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. സംഭവത്തെ കുറിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും മില്ലുടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഫാമുകള്‍, ഫ്ലവര്‍ മില്ലുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും. പിടിച്ചെടുത്ത റേഷനരി തൊട്ടടുത്ത റേഷന്‍ കടയിലേക്ക് മാറ്റി. എന്നാല്‍ അരി കടത്ത് ഭരണ കക്ഷി നേതാക്കളുടെ അറിവോടെയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. സപ്ലൈകോ ഗോഡൗണില്‍ ചാക്കുകണക്കിനു അരിയുടെ കുറവുണ്ടായത് ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍ ആവശ്യപ്പെട്ടു.