കൊച്ചി: സംസ്ഥാനത്ത് ഇന്നുമുതല്‍ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ വാങ്ങാന്‍ റേഷന്‍ കടകളില്‍ വന്‍തിരക്ക്. സര്‍ക്കാര്‍ കണക്ക് അനുസരിച്ച് ഉച്ചവരെ 7.5 ലക്ഷം പേരാണ് സൗജന്യ റേഷന്‍ വാങ്ങിയത്. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം നടത്തുന്നത്. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്കാണ് ഇന്ന് റേഷന്‍ വിതരണം ചെയ്യുന്നത്.
സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് റേഷന്‍ വിതരണം നടത്തുന്നത്. ഒരേസമയം അഞ്ചു പേരെ മാത്രമേ കടകളില്‍ അനുവദിക്കുന്നുളളൂ. അഞ്ചു പേര്‍ക്കുവീതം ടോക്കണ്‍ നല്‍കുന്നതുള്‍പ്പെടെ തിരക്കൊഴിവാക്കാന്‍ വ്യാപാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താം.
മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്‌എച്ച്) വിഭാഗം കാര്‍ഡുകള്‍ക്ക് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും നീല (എന്‍പിഎസ്), വെള്ള (എന്‍പിഎന്‍എസ്) കാര്‍ഡുടമകള്‍ക്ക് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 5 മണി വരെയുളള സമയത്തുമാണ് റേഷന്‍ വിതരണം നടത്തുന്നത്. കടയില്‍ എത്താനാകാത്തവര്‍ക്കു സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കടയുടമ ക്രമീകരണമുണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോയും പിങ്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതവുമായിരിക്കും ലഭിക്കുക. വെള്ള, നീല കാര്‍ഡുകള്‍ ഉളളവര്‍ക്ക് 15 കിലോ അരി ലഭിക്കും.
ഏപ്രില്‍ രണ്ടാം തിയ്യതി രണ്ട്, മൂന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാം തിയ്യതി നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയ്യതി ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തിയ്യതി എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായിക്കും സൗജന്യ അരിവിതരണം. നിശ്ചിതസമയത്തിനുള്ളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരം ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.