പത്തനംതിട്ട : സംസ്ഥാന സർക്കാർ റേഷൻ കാർഡുടമകൾക്ക് റേഷൻ കട വഴി വിതരണത്തിനായി എത്തിച്ച ഓണക്കിറ്റുകളിൽ ബാക്കി വന്ന ഓണക്കിറ്റുകൾ റേഷൻകടകളിൽ ഇരുന്നു നശിക്കുന്നു.
അരി, പയർവർഗങ്ങൾ, പലവ്യഞ്ജനം ശർക്കര, പപ്പടം, പായസക്കൂട്ട് എന്നിവയുൾപ്പെടെ 11 ഇനങ്ങളാണ് ഉപഭോക്താക്കൾക്ക് സർക്കാർ നൽകിയത്. ശർക്കരയുടെ ഗുണനിലവാരം മോശമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് ശർക്കര ഒഴിവാക്കി ഒരു കിലോ പഞ്ചസാര പകരം നൽകി.
കഴിഞ്ഞ വർഷംവരെ ഓണക്കാലത്ത് മുൻഗണന വിഭാഗങ്ങൾക്കു മാത്രമായിരുന്നു ഓണക്കിറ്റുകൾ നൽകിയിരുന്നത്. എന്നാൽ കോവിഡും ലോക്ക്ഡൗണും കൂടി പരിഗണിച്ച് ഈ ഓണക്കാലത്ത് എല്ലാ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യാനായിരുന്നു സർക്കാരിൻ്റെ തീരുമാനം. ഓണക്കിറ്റുകൾ ഘട്ടം ഘട്ടമായാണ് കാർഡുടമകൾക്കു വിതരണം ചെയ്തത്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കുമുള്ള കിറ്റുകൾ കടകളിൽ എത്തിച്ചെങ്കിലും സാമ്പത്തിക സ്ഥിതിയിൽ ഉയർന്നു നിൽക്കുന്ന പലരും അത് വാങ്ങാൻ തയ്യാറായില്ല. ഇങ്ങനെ പല റേഷൻകടകളിലും ബാക്കി വന്ന കിറ്റുകളാണ് നശിക്കുന്നത്.
പലവ്യഞ്ജന സാധനങ്ങളുടെ ഉൾപ്പടെയുളള പല സാധനങ്ങളുടെയും എക്സ്പിയറി ഡേറ്റ് അവസാനിക്കുന്ന ഘട്ടത്തിലായിരിക്കുകയാണെന്ന് റേഷൻ കട ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. ഓണത്തിനു ദിവസങ്ങൾക്കു മുൻപ് വന്ന കിറ്റുകളും ഇതോടൊപ്പമുണ്ട്. റേഷൻ കടകളിൽ ഇതു സൂക്ഷിക്കുന്നതിന് പരിമിതികളുണ്ടെന്നും ഇവ തിരിച്ചെടുക്കുകയോ അല്ലെങ്കിൽ ആർക്കെങ്കിലും വിതരണം ചെയ്യാനുള്ള നടപടിയോ സ്വീകരിക്കണമെന്നാണ് റേഷൻ കട ഉടമകളുടെ ആവശ്യം.