ന്യൂഡല്‍ഹി : മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷം ആർബിഐ പലിശ നിരക്ക് ഉയർത്തി. റിപ്പോ 50 ബേസിസ് പോയിന്റ് ഉയർത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ നിരക്ക് വർധനയാണ് ഇത്. റിപ്പോ ഉയർന്നതോടെ രാജ്യത്തെ ബാങ്കുകൾ വിവിധ നിക്ഷേപ, വായ്പാ പലിശകൾ ഉയർത്തിയേക്കും.
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് സൗകര്യം (എസ്ഡിഎഫ്) 5.6 ശതമാനമായും എംഎസ്എഫ്, ബാങ്ക് നിരക്ക് 6.15 ശതമാനമായും ഉയർത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ആർബിഐ ഇതുവരെ റിപ്പോ നിരക്ക് 190 ബിപിഎസ് ഉയർത്തി. ജൂണിലെ എംപിസി യോഗത്തിന് ശേഷം 50 ബിപിഎസ് വർദ്ധിപ്പിച്ച് റിപ്പോ 5.4 ശതമാനമാക്കി. അതിനുമുൻപ് റിപ്പോ നിരക്ക് 4.9 ശതമാനം ആയിരുന്നു.