മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇനി ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമൊന്നും കൈയില്‍ കരുതേണ്ടതില്ല. മൊബൈലില്‍ ഇനി എം-പരിവഹന്‍ ആപ്പുണ്ടെങ്കില്‍ വാഹനപരിശോധന ഇനി എളുപ്പമാവും. വാഹനവിവരങ്ങളെല്ലാം ഡിജിറ്റല്‍ ലോക്കറിലാക്കി സൂക്ഷിക്കുന്ന സംവിധാനമാണ് ഇ – പരിവഹന്‍. ഗതാഗത വകുപ്പ് നല്‍കുന്ന വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഈ ഡിജിറ്റല്‍ ലോക്കറിലുണ്ടാവും.
യാത്രയ്ക്കിടെ ട്രാഫിക് പോലീസ് പരിശോധിക്കുമ്പോള്‍ മൊബൈല്‍ ആപ്പ് കാണിച്ചു കൊടുത്താല്‍ മതി. ഓരോ വ്യക്തിയുടേയും വാഹനം സംബന്ധിച്ചുള്ള വിവരങ്ങള്‍ അതുവഴി ട്രാഫിക് പോലീസിന് അറിയാനാവും. ഡ്രൈവിങ് ലൈസന്‍സിന്റേയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയുമൊക്കെ ഇലക്ടോണിക് രൂപമാറ്റത്തിന് ട്രാഫിക് പോലീസും എന്‍ഫോഴ്സ്മെന്റ് വിങ്ങുമൊക്കെ അംഗീകാരം നല്‍കിക്കഴിഞ്ഞു. അതേസമയം ലൈസന്‍സിന്റേയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റേയും പകര്‍പ്പുകള്‍ യഥാര്‍ഥ രേഖയായി സ്വീകരിക്കില്ല. ക്ലൗഡ് അധിഷ്ഠിത സംവിധാനമാണ് ഡിജി – ലോക്കറിനായി ഒരുക്കിയിട്ടുള്ളതെന്ന് ഗതാഗതവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.