ടെഹ്റാൻ: അമേരിക്ക യുദ്ധം പുനരാരംഭിച്ചാൽ ശക്തമായി നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയിയും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും വ്യക്തമാക്കി. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ജനങ്ങൾ ജീവൻ തൃജിക്കാൻ പോലും തയ്യാറാണെന്നും സായുധരായി അവർ യുദ്ധത്തെ നേരിടാൻ സജ്ജരാണെന്ന് മുജ്തബ ഖമനെയി പ്രഖ്യാപിച്ചു. ലോകാവസാനത്തിന് കാരണമാകുന്ന യുദ്ധമുണ്ടായാൽ പോലും സ്വന്തം നിലപാടുകളിൽ നിന്ന് പിന്മാറില്ലെന്നും അതിനെ നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച 7 ദിവസ പദ്ധതി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് രൂക്ഷമായ പ്രതികരണമുണ്ടായത്.അതേസമയം സമാധാന ചർച്ചകൾ നടക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് ട്രംപും രംഗത്തെത്തി. ഈ ആഴ്ച ഇറാനുമായി കൂടുതൽ ചർച്ചകൾ നടന്നേക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇറാൻ – അമേരിക്ക യുദ്ധത്തിൽ മധ്യസ്ഥർ വഴിയുള്ള ചർച്ച ഇന്നോ നാളെയോ നടന്നേക്കുമെന്നും സൂചനകളുണ്ട്.
വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വീണ്ടും കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തിലധികം വർധിച്ച് ബാരലിന് 105.64 ഡോളറിലെത്തിയിട്ടുണ്ട്.
































