റാന്നി : അപരന് അപ്പം ആകുവാൻ കഴിയുന്നതാണ് ക്രിസ്തുമസ് എന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാർ ജോസ് പുളിക്കൽ പറഞ്ഞു. വെച്ചൂച്ചിറയിൽ നടന്ന എക്യുമെനിക്കൽ കരോൾ ക്രിസ്തുമസ് രാവ് 2024 ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദേഹം. വിശ്വാസത്തിന്റെ കാഴ്ചയും കണ്ണുകളിൽ സ്നേഹത്തിന്റെ പ്രകാശവും ഉദിച്ചെങ്കിൽ മാത്രമേ ക്രിസ്തുമസ് അർത്ഥപൂർണ്ണമാകൂ. ക്രിസ്തു കണ്ടതുപോലെ ചുറ്റുപ്പാടുകളെ കാണുവാൻ കഴിയണം. ക്രിസ്തുവിനോട് താദാത്മ്യപ്പെടുകയും വിശക്കുന്നവന് അപ്പം മുറിച്ചു നൽകുകയും ചെയ്യുമ്പോളാണ് ക്രിസ്തുമസ് ആഘോഷത്തിന് പൂർണതയുണ്ടാകുകയുള്ളെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ അധ്യക്ഷത വഹിച്ചു. റവ. സോജി വർഗീസ് ജോൺ, ഫാ.ബൈജു കളപുരയിൽ, ഫാ.സ്കറിയ വട്ടമറ്റം, ഫാ.ജോർജ് നെല്ലിക്കൽ, റവ. സജു ചാക്കോ, റവ. ജീവൻ മാത്യു സാജൻ, എബി മാത്യു, സാജൻ തോമസ്, പ്രശാന്ത് ബി. മോളിക്കൽ എന്നിവർ പ്രസംഗിച്ചു. നവാഗത സംവിധായകൻ പ്രശാന്ത് ബി മോളിക്കലിനെ ആദരിച്ചു.
സെന്റ്. ആൻഡ്രൂസ് മാർതോമ്മ ചർച്ച്, സെന്റ്. ജോസഫ് സീറോ മലബാർ ചർച്ച്, സെന്റ്. ബർണബാസ് സി എസ് ഐ ചർച്ച്, സെന്റ്. തോമസ് റോമൻ കാതോലിക് ചർച്ച്, സെന്റ്. സെബാസ്ട്യൻസ് സീറോ മലബാർ ചർച്ച് ചെമ്പനോലി, സെന്റ്. മേരിസ് ക്നാനായ യാക്കോബായ ചർച്ച്, സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, സെന്റ്. തോമസ് മാർതോമ്മ ചർച്ച് കോളനി, ഹോളി ഇമ്മാനുവൽ സി എസ് ഐ ചർച്ച് പുള്ളിക്കല്ല്, സെന്റ്. കുര്യക്കോസ് മലങ്കര കാതോലിക് ചർച്ച്, സെന്റ്. ജോൺസ് മാർതോമ്മ ചർച്ച്, സെഹ്യോൻ മാർതോമ്മ ചർച്ച് കുന്നം -അരയൻപാറ എന്നീ ദൈവാലയങ്ങളുടെ നേതൃത്വത്തിലായിരുന്നു എക്യുമിനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. വിവിധ ദേവാലയങ്ങളിലെ ഗായക സംഘങ്ങളുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങളുടെ അവതരണം കലാ പരിപാടികൾ എന്നിവയും നടന്നു.