പുതിയ ഫോണുകളുടെ ലോഞ്ചിങ് തിയതി പുറത്തുവിട്ട് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമീ. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ റിയൽമീ 11 5ജി, റിയൽമീ 11 എക്സ് 5ജി രണ്ട് മിഡ് റേഞ്ച് ഫോണുകളാണ് പുതിയതായി റെഡ്മി മാർക്കറ്റിലെത്തിക്കുന്നത്. ആഗസ്റ്റ് 23ന് ഫോൺ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലോഞ്ച് ഇവന്റ് റിയൽമിയുടെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലൂടെയും ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഇവന്റ് തൽത്സമയം പ്രദർശിപ്പിക്കുന്നതാണ്. സ്മാർട്ട് ഫോണുകൾക്ക് പുറമെ റിയൽമി ബഡ്‌സ് എയർ 5 പ്രോയും കമ്പനി പുറത്തിറക്കിയേക്കും എന്ന് സൂചന ഉണ്ട് എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അതേ സമയം ലോഞ്ചിന് മുന്നോടിയായി റിയൽമീ 11 എക്സിന്റെ ചില സവിശേഷതകൾ കമ്പനി തന്നെ പുറത്തുവിട്ടിട്ടുണ്ട്.
64-മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. 33W വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിന് ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. റിയൽമീ 11ൽ ആകട്ടെ 6.72-ഇഞ്ച് FHD + ഡിസ്‌പ്ലേയിൽ 120Hz പുതുക്കൽ നിരക്കും 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഉണ്ടായിരിക്കും. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ കാര്യത്തിൽ മാത്രമേ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടുള്ളു മറ്റെന്തെങ്കിലും വേരിയന്റ് ഉണ്ടോ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും റിയൽമീ 11 ഉണ്ടായിരിക്കുന്നതാണ്. ഫോണിന്റെ മുൻ ക്യാമറ ആകട്ടെ 16 മെഗാപിക്സൽ ആയിരിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 67W SUPERVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള Realme UI 4.0ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക.
എന്നാൽ റിയൽമീ 11 എക്സുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച് നിൽക്കുന്നത് റിയൽമീ 11 5ജി തന്നെയാണ്. ഫോണുകളുടെ വില കമ്പനി പുറത്തു വിട്ടിട്ടില്ല എങ്കിലും രണ്ട് ഫോണുകൾക്കും ഇന്ത്യൻ മാർക്കറ്റിൽ 20,000 രൂപയ്ക്ക് താഴെ ആയിരിക്കും വില എന്നാണ് സൂചനകൾ. പ്രധാനമായും ഷവോമിയുടെ പുതിയ റെഡ്മി 12 സീരീസിനും സാംസങ് ഗാലക്‌സി എം 14 നും എതിരാളികൾ ആകും എന്ന പ്രതീക്ഷയിലാണ് റിയൽമീ പുതിയ ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ ഇറക്കുന്നത്. നേരത്തെ ജൂലൈ മാസത്തിൽ റിയൽമീയുടെ 11 പ്രോ മോഡലുകൾ ചില രാജ്യങ്ങളിൽ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് ശേഷമാണ് ഫോൺ ഇന്ത്യയിൽ എത്തിയത്. 11 പ്രോ+ 5 ജിയും റിയൽമി 11 പ്രോ 5 ജിയുമാണ് പുറത്തിറക്കിയത്. 200എംപി സൂപ്പർസൂം ക്യാമറയാണ് പ്രോ പ്ലസിന്‍റെ പ്രത്യേകത. സാംസങ്ങ് ഐസൊസെല്‍ എച്ച്പി3 സൂപ്പർ സൂം സെന്‍സറും ഫോണിൽ നൽകിയിട്ടുണ്ട്. 26 മിനിറ്റ് മാത്രം ചാർജ് ചെയ്താൽ ചാർജ്ജ് പൂർണമാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.