തിരുവനന്തപുരം : നഗരപരിധിയ്ക്ക് പുറത്ത് കടകള്‍ തുറക്കാനുള്ള അനുമതി നല്‍കിയ തീരുമാനം ആശ്വാസകരമെന്ന് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്നലെ രാത്രി വൈകിയാണ് വന്നത്. കേന്ദ്ര തീരുമാനപ്രകാരം കേരളത്തില്‍ കടകള്‍ തുറക്കുന്നത് സംബന്ധിച്ച് കൂടിയാലോചകള്‍ക്ക് ശേഷം തീരുമാനമെടുക്കും. സംസ്ഥാനത്തെ ഇളവുകള്‍ വൈകാതെ ജനങ്ങളെ അറിയിക്കും. ഇന്നുതന്നെ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയേക്കുമെന്നും മന്ത്രി പറഞ്ഞു.
കടുത്ത നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ നമുക്ക് സാധിച്ചത്. അതുകൊണ്ടു തന്നെ ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്. ഇളവ് നല്‍കി എന്നതുകൊണ്ട് ജനങ്ങള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് തിരിച്ചടിയായേക്കാം. അതുകൊണ്ട് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്നും മന്ത്രി ജയരാജന്‍ പറഞ്ഞു.
നഗരപരിധിക്ക് വെളിയില്‍ കടകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. പഞ്ചായത്ത് പരിധിയില്‍ അവശ്യസര്‍വീസുകള്‍ അല്ലാത്ത കടകളും തുറക്കാനാണ് അനുമതി. ഹോട്ട് സ്‌പോട്ട് പ്രദേശങ്ങള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ പരിധിയില്‍ ഇളവ് ബാധകമല്ല. ഷോപ്പിംഗ് മാളുകള്‍ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാളുകള്‍ക്കുള്ളിലെ കടകള്‍ക്കും തുറക്കാന്‍ അനുവാദമില്ല.
നഗരപരിധിയ്ക്ക് വെളിയില്‍ ഷോപ്പ് ആന്റ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ കടകള്‍ക്കും ഇളവ് ബാധകമാണ്. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടൂള്ളൂ. ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കമ്പോളങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ഇല്ല.