ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏറ്റവും ശ്രദ്ധേയമാകുകയാണ് മാവേലിക്കര നഗരസഭ. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് 9 സീറ്റുകള്‍ വീതമാണ് ഇവിടെ ലഭിച്ചത്. ഇതോടെ മാവേലിക്കര നഗരസഭയിലെ ഭരണ പ്രതിസന്ധിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ജി സുധാകരന്‍.
കാലുവാരിയായ വിമതന്‍ കെ.വി ശ്രീകുമാറിനെ ചെയര്‍മാന്‍ ആക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. സ്ഥാനമോഹികളെ പാര്‍ട്ടിക്ക് ആവശ്യമില്ല. വേണമെങ്കില്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കട്ടെ, ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
മൂന്ന് മുന്നണികളും ഇവിടെ ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് സ്വതന്ത്രനായ വിജയിച്ച കെ.വി ശ്രീകുമാറിന്റെ നിലപാട് നിര്‍ണായകമായത്. നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ശ്രീകുമാര്‍. അതേസമയം സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയ തന്നെ പാര്‍ട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോട് ആണെന്നും ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ വിമതനെ ചെയര്‍മാനാക്കില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഇനി ശ്രികുമാറിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്.