ന്യൂഡല്‍ഹി: ഇതുവരെ നല്‍കിയ 53.14 കോടി വാക്സിന്‍ ഡോസുകളില്‍ ഏകദേശം 2.6 ലക്ഷം ആളുകള്‍ മാത്രമാണ് രോഗബാധിതരായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ശേഷമുള്ള വൈറസ് ബാധ 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കണക്കുകള്‍ വിശദമാക്കുന്നു. വാക്‌സിനേഷന് ശേഷം രോഗബാധയുണ്ടായവരില്‍ 1,71,511 പേര്‍ ഒരു ഡോസ് മാത്രം വാക്സിന്‍ സ്വീകരിച്ചവരാണ്. ഇന്ത്യയില്‍ നിലവില്‍ നല്‍കിവരുന്ന മൂന്ന് കോവിഡ് വാക്സിനുകളായ കോവാക്സിന്‍, കോവിഷീല്‍ഡ്, സ്പുട്നിക് വി എന്നിവ അണുബാധകളില്‍ നിന്ന് ഒരുപോലെ പരിരക്ഷ നല്‍കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.