മലപ്പുറം : അപകടകരമായ ഡ്രൈവിങിനെതിരെ പ്രതികരിച്ച സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തിലെ പ്രതി പ്രാദേശിക ലീഗ് നേതാവിന്റെ മകൻ. തേഞ്ഞിപ്പലം പാണമ്പ്രയിലാണ് സംഭവം ഉണ്ടായത്. അതേസമയം പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. പ്രതിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് തയ്യാറായില്ലെന്നും അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയാണ് ചെയ്തതെന്നും പരാതിക്കാര്‍ ആരോപിച്ചു. പ്രാദേശിക ലീഗ് നേതാവിന്റെ മകനായതിനാലാണ് പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ഏപ്രില്‍ 16-ാം തീയതി ദേശീയപാതയിലെ പാണമ്പ്രയിലായിരുന്നു സംഭവം.
സ്‌കൂട്ടര്‍ യാത്രക്കാരായ പരപ്പനങ്ങാടി സ്വദേശി ഹസ്‌ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെയാണ് തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീര്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സഹോദരിമാര്‍ ചോദ്യംചെയ്തതായിരുന്നു മര്‍ദനത്തിന്റെ കാരണം. നേരത്തെ അമിതവേഗതയില്‍ ഇടതുവശത്തുകൂടി കാര്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ ഹോണടിച്ച് മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിക്കുകയും ചെയ്തു. പിന്നാലെ പാണമ്പ്ര ഇറക്കത്തില്‍വെച്ച് ഷബീര്‍ കാര്‍ കുറുകെയിട്ട് യുവതികളെ തടയുകയായിരുന്നു.
കാറില്‍നിന്നിറങ്ങിയ യുവാവ് പെണ്‍കുട്ടികളെ നടുറോഡിലിട്ട് മര്‍ദിക്കുകയും ചെയ്തു. അഞ്ചുതവണ ഇയാള്‍ മുഖത്തടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഏപ്രില്‍ 16-ന് നടന്ന സംഭവമായിട്ടും പോലീസ് ശനിയാഴ്ചയാണ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പരാതിക്കാര്‍ ആരോപിച്ചു. പ്രതിയെ പോലീസ് വിളിച്ചുവരുത്തിയെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.