കൊച്ചി : തമിഴ് സിനിമയുടെ വ്യാജ പതിപ്പ് തയ്യാറാക്കലില്‍ തമിഴ് റോക്കേഴ്‌സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടൊവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’ സിനിമ വ്യാജമായി ചിത്രീകരിച്ച പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. തിയറ്ററിനുള്ളിലെ റീക്ലെയിനര്‍ സീറ്റില്‍ ഇരുന്നുകൊണ്ടാണ് സംഘം ഈ വിധം സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തുന്നത്. കിടക്കാവുന്ന സീറ്റുകള്‍ ഉള്ള തിയറ്ററുകളാണ് ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുന്നതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ വിശദീകരിച്ചു. സിനിമ റിലീസ് ചെയ്താല്‍ കഴിയുമെങ്കില്‍ അതേദിവസം തന്നെ ചിത്രീകരിക്കുകയെന്നതാണ് സംഘത്തിന്റെ രീതി.
തമിഴ്നാട്ടിലെയും ബെംഗ്‌ളൂരുവിലെയും മള്‍ട്ടിപ്ലക്‌സ് തിയറ്റുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. റിക്ലെയിനര്‍ സീറ്റുകള്‍ക്കൊപ്പം പുതപ്പുകളും ലഭിക്കും. ഇതില്‍ ക്രമീകരിക്കുന്ന ക്യാമറകളിലാണ് സിനിമ പകര്‍ത്തുക. ക്യത്യമായി ദൃശ്യങ്ങളും മെച്ചപ്പെട്ട സൗണ്ടും ലഭിക്കണമെങ്കില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ലഭിക്കണം. അതിനായി മധ്യനിരയില്‍ തന്നെയാവും ടിക്കറ്റ് ബുക്ക് ചെയ്യുക. നാലോ അഞ്ചോ പേര്‍ ചേര്‍ന്നായിരിക്കും ടിക്കറ്റെടുക്കുക. ഈ വിധം തൊട്ടടുത്ത സീറ്റുകളിലായി ബുക്ക് ചെയ്യുകയും സംഘത്തിലെ തന്നെ ആളുകള്‍ സുരക്ഷ ഒരുക്കുന്നതുമാണ് രീതിയെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായത്. തമിഴ്‌നാട് തിരുപ്പൂര്‍ സത്യമംഗലം സ്വദേശികളായ കുമരേശനും പ്രവീണ്‍ കുമാറുമാണ് പിടിയിലായത്. സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കര്‍ണാടകയില്‍ നിന്ന് പ്രതികള്‍ പിടിയിലാകുന്നത്. റിലീസ് ദിവസം തന്നെ സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കുന്ന തമിഴ് റോക്കേഴ്‌സ് സംഘത്തിലെ അംഗങ്ങളാണ് എറണാകുളം സൈബര്‍ പോലീസിന്റെ വലയില്‍ വീണത്. ഇന്നലെ രാവിലെ രജനീകാന്ത് ചിത്രം വേട്ടയ്യന്റെ വ്യാജ പതിപ്പ് റെക്കോര്‍ഡ് ചെയ്ത് മടങ്ങുമ്പോഴാണ് ബാംഗ്ലൂരില്‍ നിന്ന് പ്രതികള്‍ പിടിയിലായത്.