റാന്നി : ഇടമൺ ജംഗ്ഷനിലെ പാലത്തിലെ തകർന്ന കൈവരികളുടെ പുനർനിർമാണം തുടങ്ങി. കൈവരികൾക്ക് പകരം കോൺക്രീറ്റ് ഭിത്തിയാണ് നിർമിക്കുന്നത്. നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിൽനിന്ന് 4.82 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. സമീപനപാതയും സഞ്ചാരയോഗ്യമാക്കുമെന്ന് ഗ്രാമപ്പഞ്ചായത്തംഗം സാംജി ഇടമുറി പറഞ്ഞു. ശബരിമല പാതയായ മുക്കട-ഇടമൺ-അത്തിക്കയം എം.എൽ.എ. റോഡിലെ പാലത്തിന്റെ കൈവരികളാണ് ഏറെ നാളുകളായി തകർന്നുകിടന്നത്. ഒരുഭാഗത്തെ കൈവരി പൂർണമായി തകർന്നിരുന്നു. മറുവശത്ത് കൈവരിയിലെ തൂണിന്റെ സിമന്റ് ഇളകി കമ്പികൾ പുറത്തേക്ക് കാണാവുന്ന നിലയിലായിരുന്നു.
പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തിയിലെ തോട്ടിലെ പാലമാണിത്. പാലത്തിന് 30 വർഷത്തോളം പഴക്കമുണ്ട്. കൈവരികൾ തകർന്നിട്ട് ആറ് വർഷത്തിലേറെയായി. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് പഞ്ചായത്തിൽ സമ്മർദം ചെലുത്തി ഫണ്ട് ഉൾപ്പെടുത്തുകയായിരുന്നുവെന്ന് സാംജി ഇടമുറി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ശബരിമല മണ്ഡലകാലത്ത് ഒട്ടേറെ തീർഥാടകർ ശബരിമലയിലേക്ക് പോകുന്നതിനായി ഇതുവഴി പോകുന്നു. എരുമേലി-കണമല-ഇലവുങ്കൽ റോഡിൽ ഗതാഗതതടസ്സമുണ്ടാകുമ്പോഴും തിരക്കേറുമ്പോഴും വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചുവിടുന്നത്. ഇടമുറിയിലേക്കുള്ള സർവീസ് ബസുകളും ഒട്ടേറെ സ്‌കൂൾ, കോളേജ് ബസുകളും നിത്യേനസഞ്ചരിക്കുന്ന റോഡുകൂടിയാണിത്. റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചപ്പോൾ പാലവും പുനരുദ്ധരിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും യാഥാർഥ്യമായില്ല.