റാന്നി : ഐത്തല പാലത്തിന്റെ വശങ്ങളിലെ തകര്‍ന്ന കൈവരിയും സംരക്ഷണതൂണും, ചങ്ങലയും പുനരുദ്ധാരിക്കാനുള്ള ജോലികള്‍ തുടങ്ങി. പാലത്തിൽ സ്ഥാപിച്ചിരുന്ന പഴയ കൈവരിയും, ചങ്ങലയും മാറ്റി പുതിയ പാരപ്പറ്റ് വേലി നിർമ്മിക്കുന്ന ജോലികളാണ് ആരംഭിച്ചത്. കൈവരി തകർന്നതു കാരണം അപകട സാധ്യത കൂടുതലാണന്ന് വാർത്തകള്‍ വന്നിരുന്നു. റാന്നി – ഐത്തല കിടങ്ങുമൂഴി റോഡിൽ വടശ്ശേരിക്കര പഞ്ചായത്തിലെ ചെറുകുളഞ്ഞിയേയും, പഴവങ്ങാടി പഞ്ചായത്തിലെ ഐത്തലയേയും ബന്ധിപ്പിക്കുന്നതാണ് പാലം.
ഇട്ടിയപ്പാറയിൽ നിന്നും വടശ്ശേരിക്കരക്കുള്ള റോഡിൽ ഐത്തല പാലത്തിൽ നിന്നും റോഡ് രണ്ടായി തിരിഞ്ഞാണ് പോകുന്നത്, റാന്നിയിൽ നിന്നും വരുമ്പോൾ വലതു വശത്തേക്ക് തിരിഞ്ഞ് പമ്പയാറിന് സമാന്തരമായി തീരദേശ റോഡായി പോകുകയും, ഇടതു വശത്തെ റോഡ് നേരെ കിടങ്ങുംമൂഴിക്കുമാണ് പോകുന്നത്. അൻപതോളം വർഷങ്ങൾക്ക് മുൻപ് റാന്നി ഇട്ടിയപ്പാറയിൽ നിന്നും, ഐത്തലക്കുള്ള റോഡ് പൊതുമാരമത്ത് വകുപ്പ് ഏറ്റെടുത്ത് വികസിപ്പിച്ചതാണ്. അന്നു നിര്‍മ്മിച്ചതാണ് ഐത്തല റോഡിലെ ഈ പാലം. അന്നത്തെ കാലത്ത് പാലം പണിതപ്പോൾ തന്നെ നിർമ്മിച്ച വശങ്ങളിലെ കൈവരിയും സംരക്ഷണതൂണും ചങ്ങലയുമാണ് കാലപഴക്കം കാരണം നശിച്ചത്. ഇതാണ് ഇപ്പോൾ പുനരുദ്ധാണ ജോലിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലും നാലടിയോളം ഉയരത്തിലുള്ള കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് കട്ടിയുള്ള ചങ്ങല കൂട്ടിയോജിപ്പിച്ചാണ് മുൻപ് സംരക്ഷണ വേലി നിർമ്മിച്ചിരുന്നത്. ഇത് പൊളിച്ചാണ് പുതിയ വേലി പണിയുന്നത്. പഴയ പാലത്തിനോട് ചേർന്ന് പുതുതായി പാലം പണിയണമെന്ന് നാട്ടുകാർ ആവിശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അക്കാര്യത്തിൽ മരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.