പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്നത് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകട സാധ്യത വര്‍ധിപ്പിക്കും. മുന്‍കരുതലിന്റെ ഭാഗമായി പ്രളയ ഭീഷണി, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഉടനെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് അതത് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവര്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തിരമായി മാറണം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും, കാറ്റ്, മഴ, ഇടിമിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി മുന്‍കരുതലുകളും സ്വീകരിക്കണം. ഒരു കാരണവശാലും ജനങ്ങള്‍ നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാന്‍ പാടുള്ളതല്ല. മലയോര മേഖലകളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112. ജില്ലാ കളക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫീസ് അടൂര്‍ -04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി -04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303. (പിഎന്‍പി 3291/20)